സ്കൂൾ വിദ്യാർത്ഥിനിയോട് ബസ്സിനുള്ളിൽ വച്ച് ലൈംഗികാതിക്രമം ; പോക്സോ കേസിൽ ബസ് ക്ലീനറായ മീനച്ചിൽ സ്വദേശിയ്ക്ക് 8 വർഷം കഠിനതടവും പിഴയും ; ശിക്ഷ വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
സ്വന്തം ലേഖകൻ
സ്കൂൾ വിദ്യാർത്ഥിനിയോട് ബസ്സിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ ബസ് ക്ലീനർക്ക് എട്ടുവർഷം കഠിനതടവും 10,000 രൂപ പിഴയും. മീനച്ചിൽ തലപ്പലം പ്ലാശനാൽ തെള്ളിയാമറ്റം ഭാഗത്ത് കൊച്ചുപുരയ്ക്കൽ വീട്ടിൽ രാജീവ് ആർ.വി (44) എന്നയാളെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ശിക്ഷ വിധിച്ചത്.
ജഡ്ജ് റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴ അടച്ചാൽ 7500 രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും, പോക്സോ ആക്റ്റിലെയും, വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2023 ഡിസംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ ആയിരുന്ന വിഷ്ണു വി.വി യാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. ജോസ് മാത്യു തയ്യിൽ ഹാജരായി.