എഴുപത്തിയഞ്ച് വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; അംഗപരിമിതനായ സഹോദരനെ മർദിച്ചവശനാക്കി; കാതിൽ കിടന്ന ഒരു തരി പൊന്നിന് വേണ്ടി കണ്ണിൽച്ചോരയില്ലാത്ത അക്രമം അരങ്ങേറിയത് കുറവിലങ്ങാട്
സ്വന്തം ലേഖകൻ
കുറവിലങ്ങാട്: വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിച്ച ശേഷം സ്വർണം കവർന്ന കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. പീഡിപ്പിക്കുകയും, സ്വർണം കവരുകയും ചെയ്‌ത ഒന്നാം പ്രതി കുറവിലങ്ങാട് നമ്പൂശേരി കോളനിയിൽ ജനാർദനൻ ( പരുന്ത് റോയി- 45), ഈ സ്വർണം വിൽക്കാൻ സഹായിച്ച രണ്ടാം പ്രതി അതിരമ്പുഴ ഇടത്തൊട്ടിയിൽ ബാബു ( 52) എന്നിവരെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം. കുറവിലങ്ങാട് മുട്ടുങ്കല്ലിന് സമീപം താമസിക്കുന്ന എഴുപത്തിയഞ്ച് വയസുള്ള വയോധികയാണ് പരുന്ത് റോയിയുടെ ആക്രമണത്തിന് ഇരയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് റോയി.
കുറവിലങ്ങാട് പ്രദേശത്തെ വീട്ടിൽ വയോധികയും, ഇവരുടെ അംഗപരിമിതനായ സഹോദരനും മാത്രമാണ് സംഭവ സമയത്ത് ഉണ്ടായിരുന്നത്. ഇവിടെ എത്തിയ പ്രതി വയോധികയെ പീഡിപ്പിച്ച ശേഷം ഇവരുടെ കാതിൽ കിടന്ന സ്വർണം കവരുകയായിരുന്നു.
അംഗപരിമിതനായ സഹോദരൻ എതിർക്കാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തെ റോയ് മർദിച്ച് അവശനാക്കി. വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും തല്ലി തകർത്തു.
സംഭവത്തിനു ശേഷം രക്ഷപെട്ട പ്രതിയ്‌ക്കെതിരായി വയോധിക കുറവിലങ്ങാട് പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി, സ്വർണം വിൽക്കുന്നതിനായി ബാബുവിനെ ഏൽപ്പിച്ചതായി കണ്ടെത്തി.
തുടർന്നു, ബാബുവിനെ അറസ്റ്റ് ചെയ്‌ത പൊലീസ് റോയിയെയും പിന്നീട് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.