video
play-sharp-fill
ഷാദി ഡോട്ട് കോമിലൂടെ 17 മലേഷ്യന്‍ പെണ്‍കുട്ടികളെയും 5 യുവാക്കളെയും കബളിപ്പിച്ച കൊഴഞ്ചേരിക്കാരൻ ; ഒടുവിലത്തെ ഇര തൃശ്ശൂർക്കാരി യുവതി ; സഹതാപവും സ്നേഹവും പിടിച്ചുപറ്റാൻ എന്ത് നുണയും പറയും ; ഏറ്റില്ലെങ്കിൽ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി ; ഒരേസമയം മലേഷ്യയിൽ റസ്റ്റോറന്റ് ഉടമ, കൊച്ചിയിൽ പൈലറ്റ് ; പീഡനം സ്ഥിരം തൊഴിലാക്കിയ കൊഴഞ്ചേരിക്കാരൻ ടിജു ജോർജ്

ഷാദി ഡോട്ട് കോമിലൂടെ 17 മലേഷ്യന്‍ പെണ്‍കുട്ടികളെയും 5 യുവാക്കളെയും കബളിപ്പിച്ച കൊഴഞ്ചേരിക്കാരൻ ; ഒടുവിലത്തെ ഇര തൃശ്ശൂർക്കാരി യുവതി ; സഹതാപവും സ്നേഹവും പിടിച്ചുപറ്റാൻ എന്ത് നുണയും പറയും ; ഏറ്റില്ലെങ്കിൽ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി ; ഒരേസമയം മലേഷ്യയിൽ റസ്റ്റോറന്റ് ഉടമ, കൊച്ചിയിൽ പൈലറ്റ് ; പീഡനം സ്ഥിരം തൊഴിലാക്കിയ കൊഴഞ്ചേരിക്കാരൻ ടിജു ജോർജ്

സ്വന്തം ലേഖകൻ

കൊച്ചി: വിവാഹം ഉറപ്പിച്ചിരുന്ന തൃശ്ശൂർ സ്വദേശിനിയായ യുവതിയെ ബര്‍ത്ത് ഡേ പാര്‍ട്ടിക്കെന്ന പേരില്‍ റിസോര്‍ട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചതായും പരാതി. പത്തനംതിട്ട കോഴഞ്ചേരി മേലൂക്കര സ്വദേശിയും വിവാഹിതനുമായ ചെറുതോട്ടത്തില്‍ ടിജു ജോര്‍ജ് തോമസ്(33) എന്നയാള്‍ക്കെതിരെയാണ് തൃശൂര്‍ സ്വദേശിനി എറണാകുളം സൗത്ത് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

 

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വിവാഹാലോചനയുമായെത്തി യുവതിയെ പീഡിപ്പിക്കുകയും സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതി. പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ലൈംഗിക പീഡനം നടന്നത് കുമ്പളത്തുള്ള സ്വകാര്യ റിസോര്‍ട്ടിലായതിനാല്‍ കേസ് പനങ്ങാട് സ്റ്റേഷനിലേയ്ക്കു കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ശാരീരികമായി ദുരുപയോഗം ചെയ്യുകയും പിന്നീട് കാറില്‍ വച്ചു പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയെന്നും പരാതിയില്‍ യുവതി പറയുന്നു.

 

26 കാരിയായ യുവതിയെ മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് ടിജു പരിചയപ്പെട്ടത്. യുവതി ഇയാളുടെ ആലോചന തള്ളിക്കളഞ്ഞു. പൈലറ്റാണെന്ന് പറഞ്ഞ് വീണ്ടും ബന്ധപ്പെട്ടെങ്കിലും യുവതി താല്‍പര്യം കാണിച്ചില്ല. എന്നാൽ നിർബന്ധം കൂടിയതോടെ യുവതി വീട്ടുകാരുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നു.

 

ഇതിനു ശേഷം സുഹൃത്തുക്കളുമൊത്തുകൊച്ചിയില്‍ താമസിക്കുന്ന ഫ്ലാറ്റില്‍ അമ്മയും മുത്തശ്ശിയുമുള്ളപ്പോള്‍ എത്തി പെണ്ണുകാണൽ നടത്തി.

 

താന്‍ വിദേശത്ത് പൈലറ്റാണെന്നും ആദ്യഭാര്യ മരിച്ചു പോയെന്നുമാണ് പെണ്‍കുട്ടിയോടും വീട്ടുകാരോടും പറഞ്ഞത്. വിവാഹം കഴിഞ്ഞ് ഭാര്യ ന്യൂയോര്‍ക്കില്‍ വച്ച്‌ കാര്‍ അപകടത്തില്‍ മരണപ്പെടുകയായിരുന്നു. ഭാര്യയുമൊത്ത് ഒരുമാസം മാത്രമാണ് ജീവിക്കാന്‍ കഴിഞ്ഞതെന്നും അവരുമായി യാതൊരുവിധ ശാരീരിക ബന്ധത്തിലും ഏര്‍പ്പെട്ടിരുന്നില്ല എന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പൈലറ്റാണ് എന്ന് വിശ്വസിപ്പിക്കുവാനായി പൈലറ്റിന്റെ യൂണിഫോം ധരിച്ച ഫോട്ടോ കാണിക്കുകയും ചെയ്തു.

 

ഇതോടെ വിവാഹത്തിനു സമ്മതിച്ചതായി യുവതി പറഞ്ഞു. ഒരു മാസത്തിനകം വിവാഹം നടത്തണമെന്നും തനിക്ക് ബന്ധുക്കളുമായി കാര്യമായ അടുപ്പമില്ലാത്തതിനാല്‍ വിവാഹ സമയത്ത് മാത്രം അടുത്ത ബന്ധുക്കളെ അറിയിക്കാമെന്നുമാണ് യുവതിയുടെ വീട്ടുകാരോട് പറഞ്ഞത്.

 

ഇതിനിടെ പൈലറ്റിന്റെ ട്രെയിനിങ്ങിനായി വിദേശത്തു പോയി മടങ്ങിയെത്തിയെന്നും ബര്‍ത്ത് ഡേക്ക് സുഹൃത്തുക്കളെല്ലാമുണ്ടെന്നും പറഞ്ഞ് റിസോര്‍ട്ടിലേയ്ക്കു ക്ഷണിച്ചു. അവിടെ സുഹൃത്തുക്കളെ മറ്റൊരു മുറിയിലാക്കിയ ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് യുവതി പറയുന്നു. അനുവാദമില്ലാതെ കയ്യേറ്റം ചെയ്തത് പരാതിപ്പെടുമെന്നു പറഞ്ഞപ്പോള്‍ നമ്മള്‍ വിവാഹം കഴിക്കാനുള്ളവരല്ലേ എന്നു പറഞ്ഞു കരഞ്ഞുകൊണ്ട് ക്ഷമചോദിക്കുകയായിരുന്നു.

 

ഈ സംഭവത്തിന്‌ ശേഷം മറ്റൊരു ദിവസം കാറില്‍ വച്ചു പ്രകൃതി വിരുദ്ധ പീഡനം നടത്തി. എതിര്‍ത്തപ്പോള്‍ കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനം നടത്തി.

 

ഇയാള്‍ പലവട്ടം വീട്ടിലെത്തി ആഹാരം കഴിക്കുകയും മറ്റും ചെയ്തിട്ടുണ്ട്. ചില ദിവസങ്ങളില്‍ വീട്ടിലേക്ക് വരികയാണെന്നും ആഹാരം ഒരുക്കി വയ്ക്കാനും പറയും.

 

എന്നാല്‍ അന്ന് വരില്ല. പിന്നീട് യുവതിയുടെ മാതാവിനെ വിളിച്ച്‌ ക്ഷമ പറയുകയും മറ്റൊരു ദിവസം വന്ന് ആഹാരം കഴിക്കുകയും ചെയ്യും. ഇങ്ങനെ വിചിത്ര രീതിയിലുള്ള ടിജുവിന്റെ സ്വഭാവത്തെപറ്റി അടുത്ത കൂട്ടുകാരിയോട് പറഞ്ഞു.

 

അവര്‍ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ യുവതി അറിയുന്നത്.

 

ക്വാലാലംപൂരിലെ പെറ്റാലിങ് ജയിലിൽ വച്ച്‌ 2013 ഡിസംബര്‍ 3ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തതായായിരുന്നു വാര്‍ത്ത. 30കാരിയായ യുവതിയെ ടിയാന്‍ എന്ന പേരില്‍ പരിചയപ്പെട്ടാണ് വഞ്ചിച്ചത്. മലേഷ്യയില്‍ ബിസിനസ് ബാങ്കിങ് മാനേജരാണെന്നും റസ്റ്ററന്റ് ഉടമയാണെന്നും പരിചയപ്പെടുത്തി വിവാഹ വാഗ്ദാനം നല്‍കുകയായിരുന്നു. പിന്നെ തട്ടിപ്പിനിരയാക്കി.

 

ക്വാലാലംപൂരില്‍ തന്നെ മറ്റൊരു 29കാരിയേയും പറ്റിക്കാന്‍ ഇയാള്‍ ശ്രമിച്ചെന്നും പൊലീസിനു പരാതി ലഭിച്ചിരുന്നു. ഇത്തരത്തില്‍ 17 മലേഷ്യന്‍ പെണ്‍കുട്ടികളെയും 5 യുവാക്കളെയും കബളിപ്പിച്ചിട്ടുണ്ട്. ഷാദി ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴിയാണ് പെണ്‍കുട്ടികളെ പരിചയപ്പെട്ടതും വഞ്ചന നടത്തിയതും.

 

ഇതിനിടെ ബാങ്കില്‍ ലോണടയ്ക്കാനുണ്ടെന്നു പറഞ്ഞ് യുവതിയുടെ പക്കല്‍ നിന്നും 25 പവന്‍ സ്വര്‍ണം വാങ്ങിയെടുത്തു. പിന്നീട് പത്തു പവന്‍ സ്വര്‍ണം മടക്കി നല്‍കുകയും ചെയ്തു. യുവതിയുടെ കൂട്ടുകാരി നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് ഒരു ഭാര്യയുണ്ടെന്ന് കണ്ടെത്തി. അവരെ ഫെയ്സ് ബുക്ക് വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇവരുടെ സഹോദരനെ ഫേസ്‌ബുക്ക് വഴി ബന്ധപ്പെട്ടപ്പോഴാണ് ടിജു പൈലറ്റല്ലെന്നും ഇരിങ്ങാലക്കുടയില്‍ മൗണ്ട് വെന്‍ എന്ന പേരില്‍ ഒരു വസ്ത്ര ശാല നടത്തുകയാണ് എന്നും അറിഞ്ഞത്.

 

വസ്ത്ര ശാലയില്‍ എത്തിയപ്പോള്‍ ബന്ധുവാണെന്ന് പറഞ്ഞ് പെണ്ണുകാണാന്‍ വന്ന ഒരു യുവാവിനെ അവിടുത്തെ ജോലിക്കാരനായി കണ്ടു. പിന്നീട് യുവതി താന്‍ പീഡിപ്പിക്കപ്പെട്ട വിവരവും ടിജു തട്ടിപ്പുകാരനാണെന്നും വീട്ടില്‍ അറിയിച്ചു. പരാതിയെ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

 

ഇതിനിടെ പിതാവിനെ കൊണ്ട് ഒത്തു തീര്‍പ്പ് ശ്രമം നടത്തി. നഷ്ടപരിഹാരമായി പണം നല്‍കാമെന്നായിരുന്നു പിതാവിന്റെ വാഗ്ദാനം. സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പരാതിയില്‍ നടപടിയുണ്ടാകാത്തത് പ്രതിയുടെ പിതാവിന്റെ ഇടപെടലിലാണെന്നു സംശയിക്കുന്നുണ്ട്.

 

അച്ഛൻ ചെറുപ്പത്തിലേ നഷ്ടപ്പെട്ട പെണ്‍കുട്ടി മാതാവിന്റെയും മുത്തശ്ശിയുടെയും സംരക്ഷണത്തിലാണ് കഴിയുന്നത്. പ്രതി രാജ്യം വിടാതിരിക്കാനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് പനങ്ങാട് പൊലീസ് പറഞ്ഞു.