ശാലിനിയുടെ കൊലപാതകം: ലൈംഗിക തൊഴിലാളിയായ സ്ത്രീയ്ക്ക് ജീവപര്യന്തവും പത്തു വർഷം തടവും
ക്രൈം ഡെസ്‌ക്
കോട്ടയം:ലൈംഗിക തൊഴിലാളിയായ ശാലിനിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിൽ മറ്റൊരു ലൈംഗിക തൊഴിലാളിയ്ക്ക് ജീവപര്യന്തവും, പത്തു വർഷം തടവും 65,000 രൂപ പിഴയും. തിരുവനന്തപുരം സ്വദേശിയും നഗരത്തിലെ ലൈംഗിക തൊഴിലാളിയുമായ രാധയെ(59)യാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്.സുരേഷ് കുമാർ ശിക്ഷിച്ചത്. കൊലപാതകത്തിനു ജീവപര്യന്തം തടവും, 15000 രൂപ പിഴയും. ആസിഡ് ആക്രമണത്തിനു പത്തു വർഷം തടവും അരലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ടു വകുപ്പിലുമായി ഒൻപത് മാസം പ്രത്യേകം തടവ് അനുഭവിക്കണം.
2014 ജനുവരി 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗിക തൊഴിലാളിയായ പത്തനംതിട്ട ളാഹ സ്വദേശി ശാലിനി(38)യെ വ്യക്തി വൈരാഗ്യത്തെ തുടർന്നു രാധ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. നഗരമധ്യത്തിൽ സ്റ്റാർ ജംഗ്ഷനിലെ കുറ്റിക്കാട്ടിൽ ഇടപാടുകാരനൊപ്പം കഴിയുകയായിരുന്ന ശാലിനിയുടെ മുഖത്തേയ്ക്ക് ഇരുട്ടിന്റെ മറവിലെത്തിയ രാധ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ഉള്ളിൽ പോയതിനെ തുടർന്നു ശാലിനിയുടെ ആന്തരിക അവയവങ്ങൾക്കു പൊള്ളലേറ്റിരുന്നു. മുഖത്തും ആന്തരിക അവയവങ്ങളിലും ഏറ്റ പൊള്ളലാണ് മരണകാരണമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. സംഭവ ദിവസം ശാലിനിയ്ക്കൊപ്പമുണ്ടായിരുന്ന ഇടപാടുകാരനും പൊള്ളലേറ്റിരുന്നു.
ദൃക്സാക്ഷികളോ, കൃത്യമായ തെളിവുകളോ ഇല്ലാതിരുന്ന സംഭവത്തിൽ ശാലിനിക്കൊപ്പമുണ്ടായിരുന്ന ഇടപാടുകാരന്റെ മൊഴിയാണ് ഏറെ നിർണ്ണായകമായത്. ശാലിനിയ്ക്കു നേരെ ആസിഡ് ഒഴിച്ചത് ഒരു സ്ത്രീയാണെന്ന സൂചന ആദ്യം നൽകിയത് ഇയാളായിരുന്നു. തുടർന്നു ലൈംഗിക തൊഴിലാളികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. ജില്ലാ പൊലീസ് മേധാവിയായിരുന്ന എം.പി ദിനേശ്, ഡിവൈ.എസ്.പി വി.അജിത്, വെസ്റ്റ് സി.ഐ ആയിരുന്ന എ.ജെ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് അന്വേഷണം. കൊലപാതകത്തിനു ശേഷം തിരുവനന്തപുരത്തേയ്ക്ക് രക്ഷപെട്ട രാധയെ, പ്രതിയെ തിരിച്ചറിയാനെന്ന വ്യാജേനെ തന്ത്രപൂർവം വിളിച്ചു വരുത്തി പൊലീസ് കുടുക്കുകയായിരുന്നു. ലൈംഗിക തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. ശാലിനി രംഗത്തിറങ്ങിയതോടെ തനിക്ക് ഇടപാടുകാരെ കിട്ടാതെ വന്നതാണ് കൊലനടത്താൻ പ്രേരിപ്പിച്ചതെന്നു രാധ പൊലീസിനോടു സമ്മതിച്ചിരുന്നു.
കേസിൽ പൊലീസ് ഹാജരാക്കിയ 30 സാക്ഷികളും പ്രോസിക്യൂഷനു അനുകൂലമായ മൊഴി നൽകി. 50 തൊണ്ടി മുതലുകൾ ഹാജരാക്കിയിരുന്നു. ശാലിനിക്കൊപ്പമുണ്ടായിരുന്ന ഇടപാടുകാരന്റെയും, രാധ അസിഡ് വാങ്ങിയ കടയുടമയുടെയും മൊഴിയാണ് കേസിൽ ഏറെ നിർണ്ണായകമായത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഗിരിജ ബിജു ഹാജരായി.