കൈ ഉയർത്തി കോൺഗ്രസ്; താമര കരിഞ്ഞു
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുന്നു. ശക്തമായ തിരിച്ചുവരവാണ് കോൺഗ്രസിന്. രാജസ്ഥാനിലും ഛത്തിസ്ഗഢിലും കോൺഗ്രസ് കേവലഭൂരിപക്ഷം ഉറപ്പാക്കി. ഏറെ നിർണായകമായ മധ്യപ്രദേശ് ഫോട്ടോ ഫിനിഷിലേക്ക് കടക്കുമ്പോൾ നേരിയ മുൻതൂക്കം കോൺഗ്രസിനുമുണ്ട്. ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ ഇവിടെ ബി.എസ്.പി, എസ്.പി തുടങ്ങിയ പാർട്ടികൾ നിർണായകമാകും. തെലങ്കാനയിൽ ടിആർഎസ് അധികാരം നിലനിർത്തി. മിസോറാമിൽ എം.എൻ.എഫ് അധികാരം ഉറപ്പാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളിൽ സിപിഎം മുന്നിട്ടുനിൽക്കുന്നു. പ്രമുഖ നേതാക്കളായ വസുന്ധരരാജെ, സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട്, അജിത് ജോഗി, ചന്ദ്രശേഖരറാവു എന്നിവരൊക്കെ ജയം ഉറപ്പാക്കിയിട്ടുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ തെലങ്കാനയിലും മിസോറമിലും പ്രാദേശിക കക്ഷികളുടെ സ്വാധീനമാണ് നിർണ്ണായകമാവുക. മധ്യപ്രദേശിലെ 230 ഉം രാജസ്ഥാനിലെ 199 ഉം തെലങ്കാനയിലെ 119 ഉം ഛത്തിസ്ഗഢിലെ 90 ഉം മണിപ്പൂരിലെ 40 ഉം മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.