ദുരന്തമുഖത്ത് നിന്ന് സെൽഫി; മര്യാദയും മാന്യതയും മറന്ന് ക്രൈസ്തവ പുരോഹിത സംഘം: ദുരിതബാധിത സ്ഥലങ്ങളുടെ പേരിൽ പണപ്പിരിവ് നടത്താനെന്ന് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ
മലപ്പുറം: പ്രളയത്തിൽ തകർന്ന ദുരിതബാധിത പ്രദേശങ്ങളിൽ വിനോദ സഞ്ചാരികളെ പോലെ എത്തുന്നവർ എന്നും രക്ഷാപ്രവർത്തകർക്ക് ഇരട്ടി ദുരിതമാണ് സമ്മാനിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തുന്നവരെ നിയന്ത്രിക്കാൻ പൊലീസും രക്ഷാപ്രവർത്തകരും ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് ഉത്തരവാദിത്വപ്പെട്ട ക്രൈസ്തവ സഭാനേതാക്കളും വൈദികരുമാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയ സ്ഥലത്ത് നിന്ന് സെൽഫി എടുക്കുകയും ചിത്രം പകർത്തുകയും ചെയ്തത്.
കവളപ്പാറയിൽ വൻ ദുരന്തംവിതച്ച സ്ഥലത്ത് നിന്നും സെൽഫിയെടുത്ത ക്രൈസ്തവ പുരോഹിതന്മാർക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമുയരുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന് നാൽപതോളം പേർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടത്. ഇരുപതോളം പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതിനിടെയാണ് ദുരന്ത മുഖത്തെത്തി പുരോഹിതന്മാർ സെൽഫിയെടുത്തത്.
ദിവസങ്ങൾക്ക് മുൻപാണ് പുരോഹിതന്മാർ കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം സന്ദർശിച്ചത്. ദുരന്തമുഖം പശ്ചാത്തലമാക്കിയാണ് സെൽഫിയെടുത്തത്. ഉന്നത പദവി അലങ്കരിക്കുന്ന പുരോഹിതന്മാർ ഉൾപ്പെടെ പന്ത്രണ്ടോളം പേരാണ് സെൽഫിയെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കവളപ്പാറയിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ 59 പേരെയാണ് കാണാതായത്. ദിവസങ്ങൾ നീണ്ടുനിന്ന പരിശ്രമത്തിലാണ് നാൽപതോളം പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. പതിനാലോളം ഹിറ്റാച്ചികൾ ഉപയോഗിച്ചാണ് കാണാതായവർക്കായി കവളപ്പാറയിൽ തിരച്ചിൽ നടത്തുന്നത്. മഴ മാറിനിൽക്കുന്നതിനാൽ തിരച്ചിൽ സുഗമമായി നടക്കുന്നുണ്ടെങ്കിലും ചതുപ്പ് പ്രദേശങ്ങളിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്.
അതേസമയം, കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളലുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കി. മുത്തപ്പൻകുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളൽ കണ്ടെത്തിയത്. ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയാണ് സംഭവം. വിള്ളലുണ്ടായ മലയുടെ താഴ്ഭാഗത്ത് നിരവധി വീടുകളുണ്ട്. ഇവിടെയുള്ളവർ നിലവിൽ ക്യാമ്പുകളിലാണ് കഴിയുന്നത്.