ട്രെയിനിറങ്ങി സ്വയം കാറോടിച്ച് വീട്ടിലേക്ക് പോകാം ; മണിക്കൂറിന് 50 രൂപ ; റെയിൽവെയുടെ ‘എ കാർ’ സംവിധാനത്തിന് തുടക്കമായി
സ്വന്തം ലേഖകൻ
കൊച്ചി :ട്രെയിൻ ഇറങ്ങുന്നവർ ഇനി വീട്ടിലേക്ക് പോകാൻ വാഹനം കാത്തു നിന്ന് വലയേണ്ട. യാത്രക്കാർക്കായി റെയിൽവെയുടെ റെന്റ് എ കാർ സംവിധാനത്തിന് തുടക്കമായി.മണിക്കൂറിൽ 50 രൂപ നിരക്കിലാണ് വാഹനങ്ങൾ വാടകയ്ക്ക് ലഭിക്കുക. 24 മണിക്കൂറും സേവനം ലഭ്യമാണ്.
www.indusgo.in എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. കൗണ്ടറിലും ബുക്കിങ്ങ് സാധ്യമാണ്. എന്നാൽ പണമിടപാട് പൂർണമായും ഓൺലൈനാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം ഡിവിഷന് കീഴിലുളള നാല് സ്റ്റേഷനുകളിലാണ് പരീക്ഷണാർത്ഥം സർവീസ് തുടങ്ങുന്നത്. തിരുവനന്തപുരം സെൻട്രൽ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, തൃശൂർ എന്നിവിടങ്ങളിലാണ് പുതിയ സംവിധാനം.
ഇൻഡസ് ഗോ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി. യാത്ര തുടങ്ങും മുമ്‌ബോ സ്റ്റേഷനിൽ ഇറങ്ങിയ ശേഷമോ ടാക്സി ബുക്ക് ചെയ്യാം.
500 രൂപയ്ക്ക് അഞ്ച് മണിക്കൂർ യാത്ര ചെയ്യാം. 5000 രൂപ നിക്ഷേപമായി നൽകണം.മാസ അടിസ്ഥാനത്തിലും ബുക്ക് ചെയ്യാം. ഒരു സ്റ്റേഷനിൽ നിന്ന് എടുത്ത വണ്ടി മറ്റൊരു സ്റ്റേഷനിൽ തിരിച്ചേൽപിച്ചാൽ മതി എന്ന പ്രത്യേകതയും ഉണ്ട്.
മൂന്ന് മാസത്തിനു ശേഷം പദ്ധതി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.
പദ്ധതി ഏരിയ മാനേജർ നിതിൻ നോബർട്ട് ഫ്ലാഗ് ഓഫ് ചെയ്തു. അഞ്ച് കാറുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാകുകയെന്ന് ഇൻഡസ് മോട്ടോഴ്സ് മാർക്കറ്റിങ് മാനേജർ സൈമൺ റോജർ പറഞ്ഞു. സ്റ്റേഷൻ മാനേജർ കെപിബി പണിക്കർ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ഗണേഷ് വെങ്കിടാചലം എന്നിവർ പങ്കെടുത്തു.