
കോട്ടയം: ആരോഗ്യഗുണങ്ങള്‍ ഏറെ അടങ്ങിയിട്ടുള്ള പഴമാണ് സീതപ്പഴം അഥവാ ആത്തപ്പഴം. രുചിയിലും ഗുണത്തിലും സീതപ്പഴം കേമനാണ്.
സീതപ്പഴത്തില്‍ പൊട്ടാസ്യം, വൈറ്റമിൻ സി, ആന്റി ഓക്സിഡന്റുകള്‍, മഗ്നീഷ്യം ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. പോഷകഗുണങ്ങള്‍ ഏറെയുള്ള സീതപ്പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കിയാലോ.
നാരുകള്‍ ധാരാളം
സീതപ്പഴത്തില്‍ ഭക്ഷ്യനാരുകള്‍ ധാരാളം ഉണ്ടെന്ന് യൂറോപ്യൻ ജേണല്‍ ഓഫ് ന്യൂട്രീഷൻ ആൻഡ് ഫുഡ് സേഫ്റ്റിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. നാരുകള്‍ ധാരാളം ഉള്ളതിനാല്‍ ദഹനപ്രശ്നങ്ങളും മലബന്ധവും അകറ്റാൻ ഈ പഴം സഹായിക്കും. കൂടാതെ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സീതപ്പഴത്തിനു കഴിവുണ്ടെന്ന് പഠനം പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാൻസറിനെ പ്രതിരോധിക്കുന്നു
കാൻസറിനെ തടയാൻ സഹായിക്കുന്ന നിരവധി ബയോആക്ടീവ് സംയുക്തങ്ങള്‍ സീതപ്പഴത്തിലുണ്ട്. സീതപ്പഴത്തിലെ ആന്റിഓക്സിഡന്റുകള്‍, ചിലയിനം കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുമെന്ന് യൂറോപ്യൻ ജേണല്‍ ഓഫ് ന്യൂട്രീഷൻ ആൻഡ് ഫുഡ് സേഫ്റ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കണ്ടു.
പ്രതിരോധശക്തി വർധിപ്പിക്കുന്നു
സീതപ്പഴം വൈറ്റമിൻ സി യുടെ മികച്ച ഉറവിടമാണ്. 100 ഗ്രാം സീതപ്പഴത്തില്‍ 91 മില്ലിഗ്രാം വൈറ്റമിൻ സി യുണ്ട്. വൈറ്റമിൻ സി ധാരാളം ഉള്ളതിനാല്‍ നിരവധി രോഗങ്ങളെ തടയാനും പ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്താനും സീതപ്പഴത്തിന് കഴിവുണ്ട്.
സന്ധികളുടെ ആരോഗ്യം
മഗ്നീഷ്യം ധാരാളം അടങ്ങിയ പഴമാണ് സീതപ്പഴം. 100 ഗ്രാം സീതപ്പഴത്തില്‍ 53 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ടെന്ന് ഇന്റർനാഷണല്‍ ജേണല്‍ ഓഫ് കറന്റ് മൈക്രോബയോളജി ആൻഡ് അപ്ലൈഡ് സയൻസസ് പറയുന്നു. ശരീരത്തില്‍ ജലത്തിന്റെ സന്തുലനം നിലനിർത്താൻ മഗ്നീഷ്യം സഹായിക്കുന്നു. ഇത് സന്ധികളില്‍ നിന്ന് ആസിഡിനെ നീക്കം ചെയ്യുകയും റൂമാറ്റിസം, സന്ധിവാതം തുടങ്ങിയവ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. സന്ധികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ഏറ്റവും മികച്ച പഴമാണ് സീതപ്പഴം.
ഹൃദയാരോഗ്യം
സീതപ്പഴത്തിലടങ്ങിയ പൊട്ടാസ്യവും മഗ്നീഷ്യവും ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും. പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും. മഗ്നീഷ്യമാവട്ടെ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ സീതപ്പഴത്തില്‍ എസ്സൻഷ്യല്‍ ഫാറ്റി ആസിഡുകള്‍, പ്രത്യേകിച്ച് ലിനോലെയ്ക് ആസിഡ്, ഒലേയ്ക് ആസിഡ് ഇവയുണ്ട്. ഇവ ലിപ്പിഡ് പ്രൊഫൈല്‍ നിയന്ത്രിക്കുക വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും അതിറോസ്ക്ലീറോസിസിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.



