പഞ്ച് ചെയ്ത് മുങ്ങുന്ന സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് പണി കിട്ടും; അരമണിക്കൂര്‍ സീറ്റില്‍ ഇല്ലെങ്കില്‍ ഇനി അവധി; ജീവനക്കാരെ പൂര്‍ണമായും സെന്‍സര്‍ വലയത്തിലാക്കുന്ന പഞ്ചിങ്ങ് അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റവുമായി സർക്കാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : പഞ്ച് ചെയ്ത് മുങ്ങുന്ന സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാരെ പൂര്‍ണമായും സെന്‍സര്‍ വലയത്തിലാക്കുന്ന പഞ്ചിങ്ങ് അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം കൊണ്ടുവരാനാണ് പുതിയ തീരുമാനം. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ഒരു കോടി 97 ലക്ഷം രൂപ ചെലവാക്കിയാണ് പുതിയ സെന്‍സര്‍ ഉപകരണങ്ങള്‍ വാങ്ങുന്നത്. ആദ്യഘട്ട ഉപകരണങ്ങള്‍ എത്തി. കെല്‍ട്രോണിനു ആദ്യഗഡുവായ 56 ലക്ഷം നല്‍കി കഴിഞ്ഞു. ബാക്കി ഉപകരണങ്ങള്‍ കൂടി എത്തി പ്രവര്‍ത്തനം തുടങ്ങുന്നതോടെ മുഴുവന്‍ തുകയും നല്‍കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ പത്തിനു പഞ്ചു ചെയ്ത് മുങ്ങുന്നവരെ കയ്യോടെ പിടികൂടുന്നതാണു പുതിയ സിസ്റ്റം. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ പഞ്ച് ചെയ്ത് അരമണിക്കൂര്‍ സീറ്റില്‍ നിന്നു മാറിനിന്നാല്‍ അവധിയായി കണക്കാക്കും.
സെക്രട്ടറിയേറ്റിലെത്തി പഞ്ച് ചെയ്ത ശേഷം സ്ഥലം കാലിയാക്കുന്ന ജീവനക്കാരെ പിടികൂടുന്നതിനായാണ് പുതിയ പഞ്ചിംഗ് സംവിധാനത്തിലേക്ക് സർക്കാർ നീങ്ങുന്നത്. സെൻസർ ഘടിപ്പിച്ച വാതിലിലൂടെയാകും ജീവനക്കാർക്ക് വിവിധ വകുപ്പുകളിലെ ഓഫീസുകളിലേക്ക് പ്രവേശനം. ഇതേ സമയം തന്നെ അറ്റെൻഡെസും രേഖപ്പെടുത്തും. ഓരോ തവണ പുറത്ത് പോകുമ്പോഴും തിരിച്ചു വരാനെടുക്കുന്ന സമയം അടക്കം സിസ്റ്റത്തിൽ കൃത്യമായി രേഖപ്പെടുത്തും. എന്നാൽ നിശ്ചിത സമയത്തിനപ്പുറം ഓഫിസിന് പുറത്ത് കറങ്ങി നടന്നാൽ അവധിയായി കണക്കാക്കും.
സാധരാണക്കാര്‍ മണിക്കൂറുകളോളം യാത്ര ചെയ്ത് സെക്രട്ടറിയേറ്റിലെത്തുമ്പോള്‍ ജീവനക്കാര്‍ സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് പലപ്പോഴും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി. ജീവനക്കാരിലെ യൂണിയന്‍ പ്രവര്‍ത്തകര്‍ക്കാണ് ഇത് തിരിച്ചടിയായിരിക്കുന്നത്. യൂണിയന്‍ പ്രവര്‍ത്തനത്തിന് പോയാലും തിരികെയെത്തുന്നത് അരമണിക്കൂറിനുശേഷമെങ്കില്‍ പിടിവീഴും.
ഇതോടെ പുതിയ നിയന്ത്രണങ്ങള്‍ ജീവനക്കാരെ ബന്ധിയാക്കുന്നതാണെന്ന ആരോപണവുമായി സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.