മുഖ്യമന്ത്രിയൊക്കെ അങ്ങ് പുറത്ത് ; സെക്രട്ടേറിയേറ്റിൽ കൂടുതൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയാൽ മുട്ടുകാല് തല്ലിയൊടിക്കും ; സംഘടനാ നേതാവിന്റെ ഭീഷണി
സ്വന്തം ലേഖിക
തിരുവനന്തപുരം:സെക്രട്ടേറിയറ്റിൽ പരിഷ്‌ക്കാരങ്ങൾ തുടർന്നാൽ മുട്ടുകാലു തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ഭരണകക്ഷി അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്‌ളോയീസ് അസോസിയേഷൻ നോട്ടീസ് ഇറക്കിയത് വിവാദമായി. മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് പൊതുഭരണവകുപ്പ് സെക്രട്ടറിയും അസോസിയേഷൻ ഭാരവാഹികളും അടങ്ങിയ കമ്മിറ്റിയും ചേർന്ന് നടത്തുന്ന പരിഷ്‌ക്കാരങ്ങൾക്കെതിരെയാണ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. എൻ. അശോക് കുമാർ പേരു വച്ച് പ്രസിദ്ധീകരിച്ച നോട്ടീസിൽ കടുത്തഭാഷയിൽ മുന്നറിയിപ്പ് നൽകുന്നത്. ഇത് മുഖ്യമന്ത്രിക്കെതിരായ നിഴൽയുദ്ധമാണെന്നും ഇത് തുടരരുതെന്നും ആവശ്യപ്പെട്ട് മറ്റ് ഭാരവാഹികൾ രംഗത്തെത്തിയിട്ടുണ്ട്.
കെ.എ.എസ് നടപ്പാക്കാനും, പഞ്ചിംഗ് കർശനമാക്കാനും ഇ ഫയൽ നിലവിൽ വന്നശേഷം ജോലിയില്ലാതായ തസ്തികകൾ പുനർവിന്യസിക്കാനും പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കാണ് നോട്ടിസിലൂടെ ഭീഷണി. ഭരണപരിഷ്‌കാരങ്ങൾ സെക്രട്ടേറിയറ്റിൽ തന്നെ ആദ്യം നടപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെതുടർന്ന് ഒട്ടനവധി തീരുമാനങ്ങൾ പൊതുഭരണവകുപ്പ് നടപ്പിലാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.എ.എസ് നടപ്പാക്കുക, ഹാജർ കൃത്യമാക്കാൻ ബയോമെട്രിക് പഞ്ചിംഗ് ഏർപ്പെടുത്തുക, വിവിധ വകുപ്പുകൾക്കിടയിൽ ജോലി ഭാരം ഏകീകരിക്കുക, ഇ ഫയൽ കാരണം ജോലിയില്ലാതെയായ തസ്തികകൾ കണ്ടെത്തി അവയെ യുക്തിപരമായി വിനിയോഗിക്കുക, അനാവശ്യ സ്ഥലംമാറ്റങ്ങൾ ഒഴിവാക്കുക തുടങ്ങിയ നടപടികൾ സെക്രട്ടേറിയറ്റിൽ നടപ്പാക്കി. പരിഷ്‌കാരങ്ങൾ സംഘടനാ നേതാക്കളുടെ പ്രസക്തി കുറയ്ക്കും എന്നതിനാൽ ഇടതു സംഘടന ഇവയെ എതിർത്തു.
പൊതുഭരണ സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും തീരുമാനങ്ങളുമായി മുന്നോട്ടു പോയതാണ് ഇവരെ ചൊടിപ്പിച്ചത്. കഴിഞ്ഞ മാസത്തെ ശമ്പളത്തിൽ, ഹാജരാകാത്തതും വൈകിയതുമായ ദിവസങ്ങളിലെ ശമ്പളം കുറച്ചതും ജീവനക്കാരെ പ്രകോപിപ്പിച്ചു. ഇതെല്ലാം തുഗ്‌ളക് പരിഷ്‌ക്കാരങ്ങളാണെന്നാണ് കുറ്റപ്പെടുത്തൽ. ആശ്രിതനിയമനം പോലെ പിൻവാതിലിലൂടെ ഉദ്യോഗം ലഭിച്ചവർക്ക് ജീവനക്കാരുടെ താൽപര്യം മനസിലാകുന്നില്ലെന്നും നോട്ടീൽ അപഹസിക്കുന്നുണ്ട്.
നോട്ടീസിനെതിരെ പാർട്ടി നേതൃത്വത്തിനും പരാതിയെത്തിയിട്ടുണ്ട്. രണ്ടാം തവണയാണ് സർക്കാരിനെ പരോക്ഷമായി വിമർശിച്ച് ഭരണകക്ഷി സംഘടന നോട്ടീസിറക്കുന്നത്.
പൊതുഭരണ വകുപ്പിലെ അഡിഷനൽ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിമാരുമായ ഷൈൻ എ. ഹക്ക്, രഞ്ജിത് കുമാർ, സി. അജയൻ, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ ജോയിന്റ് സെക്രട്ടറിമാരായ സന്തോഷ്‌കുമാർ, അബ്ദുൽ നാസർ എന്നിവരാണ് സെക്രട്ടേറിയറ്റ് പരിഷ്‌കരണ കമ്മിറ്റിയുടെ അംഗങ്ങൾ.