പെർത്ത് ടെസ്റ്റ്: ഇന്ത്യ ഭദ്രമായ നിലയിൽ; ക്യാപ്റ്റനും രഹാനെയും ക്രീസിൽ
സ്‌പോട്‌സ് ഡെസ്‌ക്
പെർത്ത്: ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. എട്ട് റണ്ണെടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് വീണ് തകർച്ചയെ നേരിട്ട ഇന്ത്യ കോഹ്ലിയുടെ പ്രതിരോധ മികവിൽ മൂന്ന് വിക്കറ്റിന് 172 റണ്ണെടുത്തിട്ടുണ്ട്. രണ്ടാം ദിനം കളി നിർത്തുമ്പോൾ 181 ബോളിൽ 82 റണ്ണുമായി ക്യാപ്റ്റൻ കോഹ്ലിയും, 103 പന്തിൽ 51 റണ്ണുമായി അജിൻകെ രഹാനെയുമാണ് ക്രീസിൽ. ആദ്യ ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 326 റണ്ണെടുത്തിരുന്നു.
എട്ട് റണ്ണെടുക്കുന്നതിനിടെ ഓപ്പണർമാരായ മുരളി വിജയിയെയും കെ.എൽ രാഹുലിനെയും നഷ്ടമായ ഇന്ത്യ കോഹ്ലിയുടെയും ചേതേശ്വർ പൂജാരയുടെയും മികവിലാണ് ക്രീസിൽ പിടിച്ചു നിന്നത്.
എട്ട് റണ്ണെടുക്കുന്നതിനിടെ പുറത്തായ കെ.എൽ രാഹുലിന്റെയും ( 17 പന്തിൽ രണ്ട്), മുരളി വിജയുടെയും (12 പന്തിൽ പൂജ്യം) നഷ്ടത്തെ നേട്ടമാക്കി മാറ്റുകയായിരുന്നു. കോഹ്ലിയും പൂജാരയും ചേർന്നുള്ള മൂന്നാം വിക്കറ്റ് സഖ്യം. പൊരുതിക്കളിച്ച ഇരുവരും തീർത്തത് പ്രതിരോധത്തിന്റെ പുതിയ പാഠങ്ങളായിരുന്നു. ഒരു വശത്ത് ഒൻപത് ഫോറുമായി കോഹ്ലി അൽപം ആക്രമണോത്സുകത പ്രകടിപ്പിച്ചപ്പോൾ, 103 പന്ത് ലഭിച്ചതിൽ ഒരെണ്ണം മാത്രം ബൗണ്ടറി കടത്തിയ പൂജാര നേടിയത് 24 റണ്ണാണ്. 82 ൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ടിം പെയിന് ക്യാച്ച് നൽകി പൂജാര പുറത്തായി. ഇതിനു ശേഷം ഒത്തു ചേർന്ന വിരാട് കോഹ്ലി രഹാനെ സഖ്യമാണ് ഇന്ത്യയ്ക്കു വേണ്ടി രക്ഷാ പ്രവർത്തനം നടത്തിയത്. 103 പന്തിൽ 51 റൺ അടിച്ചു കൂട്ടിയ രഹാനെ ഒറു സിക്‌സും ആറു ഫോറും പറത്തി.
മിച്ചൽ സ്റ്റാർക്ക് രണ്ടും ഹെയ്‌സൽ വുഡ് ഒരു വിക്കറ്റും നേടി.