ആമസോണിൽ രണ്ടാംഘട്ട കൂട്ടപിരിച്ചുവിടൽ; ഒമ്പതിനായിരത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും എന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ
വാഷിങ്ടൺ: അമേരിക്കയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ബാങ്കിംഗ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യ ഭീഷണിക്കുമിടയിൽ, അടുത്ത കൂട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ച് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ. രണ്ടാം ഘട്ടത്തിൽ ഏകദേശം 9,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. തീരുമാനം സംബന്ധിച്ച് സിഇഒ ആൻഡി ജെസ്സി ജീവനക്കാർക്ക് മെമ്മോ അയച്ചിട്ടുണ്ട്.
ആമസോൺ വെബ് സർവിസസ്, എക്സ്പീരിയൻസ് ആൻഡ് ടെക്നോളജി, അഡ്വർടൈസിംഗ് ആൻഡ് ട്വിച്ച് തുടങ്ങിയ വകുപ്പുകളിൽ ജോലി ചെയ്യുന്നവരാണ് പിരിച്ചുവിടപ്പെടുന്നവരിൽ ഭൂരിഭാഗവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത് ആവശ്യമാണെന്ന് സിഇഒ ജെസ്സി പറഞ്ഞു. നേരത്തെ 2022 നവംബറിൽ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോൺ പ്രഖ്യാപിച്ചിരുന്നു. അതേസമയം കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ 27,000 പേരെയാണ് കമ്പനി പിരിച്ചു വിട്ടത്.