ഹരിപ്പാട് കോവിഡ് രണ്ടാം ഡോസ് വാക്സിൻ എടുത്ത് രണ്ടാം ദിനം യുവാവ് മരിച്ചു; മരണം വാക്സിൻ മൂലമുള്ള പാർശ്വഫലമാണോയെന്ന് അന്വേഷിക്കണമെന്ന് ബന്ധുക്കൾ
സ്വന്തം ലേഖകൻ
ഹരിപ്പാട്: കോവിഡ് വാക്സിൻറെ രണ്ടാം ഡോസ് എടുത്തു രണ്ടു ദിവസം കഴിഞ്ഞപ്പോൾ യുവാവ് മരിച്ചു. വാക്സിൻ മൂലമുള്ള പാർശ്വഫലമാണോയെന്നു അന്വേഷിക്കണമെന്നു ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
ഹരിപ്പാട് ചിങ്ങോലി ഒന്നാം വാർഡ് കരിമ്പിൻ വീട്ടിൽ മുരളീധരൻ മണിയമ്മ ദമ്പതികളുടെ മകൻ അനന്തു (20) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കു കാർത്തികപ്പള്ളി യുപി സ്കൂളിലെ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് അനന്തു രണ്ടാം ഡോസ് കോവീഷീൽഡ് വാക്സിൻ സ്വീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിലെത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വയറുവേദനയും ഛർദിയും തുടങ്ങി. ലക്ഷണങ്ങൾ രൂക്ഷമായതോടെ വൈകുന്നേരം ആറോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഡോക്ടർ സ്കാനിംഗിനു നിർദേശിച്ചെങ്കിലും രാത്രി വൈകിയതിനാൽ എടുക്കാൻ കഴിയാതെ വീട്ടിലേക്കു മടങ്ങി.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വീണ്ടും ശാരീരികാസ്വസ്ഥതകൾ ഉണ്ടായി. ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യ ഡോസ് വാക്സിൻ എടുത്തപ്പോൾ കാര്യമായ അസ്വസ്ഥതകൾ ഒന്നും ഉണ്ടായിരുന്നില്ല. അനന്തുവിനൊപ്പം ബുധനാഴ്ച അച്ഛൻ മുരളീധരനും വാക്സിൻ സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന് മറ്റ് അസ്വസ്ഥതകൾ ഒന്നുമില്ല.
വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കൾ കരിയിലകുളങ്ങര പോലീസിൽ പരാതി നൽകി. ഡിഎംഒയ്ക്കും ഇന്നു പരാതി നൽകും. മൃതദേഹം ഇന്നു പരിശോധന നടത്തും അതിനു ശേഷമേ മരണ കാരണം വ്യക്തമാകൂ. പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനം അടക്കമുള്ള കാര്യങ്ങളിൽ ഊർജ്വസ്വലനായി പങ്കെടുത്ത യുവാവാണ് അപ്രതീക്ഷിതമായി മരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ അഞ്ചു യുവതികളുടെ മരണത്തിൽ സമാന ആരോപണം ഉയർന്നിരുന്നു. നാലുപേർക്കും അനുഭവപ്പെട്ടതു സമാന ലക്ഷണങ്ങളായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.