കാലു നീരുവെച്ചതിനാല്‍ നടക്കാന്‍ വയ്യ;’കിടക്ക മോശമാണ്, അതുകൊണ്ട് ഉറക്കം കിട്ടുന്നില്ല; ജെയ്നമ്മ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യൻ കോടതിയിൽ

Spread the love

ഏറ്റുമാനൂർ: ജെയ്നമ്മ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യൻ കടുത്ത ക്ഷീണവും മറ്റു ശാരീരിക ബുദ്ധിമുട്ടും കൊണ്ട് അവശനാണെന്നും കാലു നീരുവച്ചിരിക്കുന്നതിനാൽ നടക്കാനും മറ്റും ബുദ്ധിമുട്ടുണ്ടെന്നും സെബാസ്റ്റ്യൻ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷൻ‌ മജിസ്ട്രേട്ട് കോടതിയെ അറിയിച്ചു

ക്രൈംബ്രാഞ്ച് നൽകിയ കിടക്ക മോശമാണെന്നും ഉറക്കം കിട്ടുന്നില്ലെന്നും പറഞ്ഞ സെബാസ്റ്റ്യൻ മറ്റൊരു കിടക്ക വേണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. നിയമസഹായം വേണോ എന്നു കോടതി ചോദിച്ചു. സ്വന്തം നിലയിൽ അഭിഭാഷകനെ വച്ചുകൊള്ളാമെന്നായിരുന്നു മറുപടി.

പ്രതിയുടെ ആരോഗ്യപ്രശ്നങ്ങൾ മുഖവിലയ്ക്കെടുത്ത് എല്ലാ ദിവസവും വൈദ്യസഹായം ലഭ്യമാക്കണമെന്നും മരുന്ന്, ഭക്ഷണം, വെള്ളം തുടങ്ങിയവ കൃത്യമായി നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥനു കോടതി നിർദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരമ്പുഴ സ്വദേശിനി ജെയ്നമ്മ(54)യുടെ തിരോധാനക്കേസിലെ പ്രതി പള്ളിപ്പുറം ചൊങ്ങുതറ സി.എം.സെബാസ്റ്റ്യന്റെ (68) കാറിൽനിന്നു കത്തി, ചുറ്റിക, ഡീസൽ മണമുള്ള കന്നാസ്, പഴ്സ് എന്നിവ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി.

വെട്ടിമുകളിൽ സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് കേസിൽ നിർണായകമാകുന്ന തെളിവുകൾ കിട്ടിയത്. വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു സെബാസ്റ്റ്യന്റെ കാർ. പിടികൂടിയ 20 ലീറ്ററിന്റെ കന്നാസിൽ ഡീസൽ വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സെബാസ്റ്റ്യന്റെ ചേർത്തലയിലെ വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ വാച്ചിന്റെ ഡയലും ചെരിപ്പുകളും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഇതേസമയം മൊബൈൽ ഫോൺ കണ്ടെത്താനായില്ല. കോട്ടയത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് വെട്ടിമുകളിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയത്.

സെബാസ്റ്റ്യനെ കോടതി ഏഴു ദിവസത്തേക്കു കൂടി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ‌ വിട്ടു. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേ‌‌ട്ട് കോടതി ജഡ്ജി എ.നിസാം ആണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. പ്രതി സെബാസ്റ്റ്യൻ തന്നെയെന്നതിനു തെളിവുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.

സെബാസ്റ്റ്യന്റെ ചേർത്തലയിലെ വീട്ടുവളപ്പിൽനിന്നു ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ സ്ത്രീയുടേതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് ജെയ്നമ്മയുടേതാണോയെന്നു സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനാഫലവും മറ്റു രാസപരിശോധനാഫലങ്ങളും ലഭിക്കേണ്ടതുണ്ട്.

ജെയ്നമ്മയുടെ ഫോൺ കണ്ടെത്തണം. പ്രതിയുടെ മൊഴികളിൽ പലതും വിശ്വസിക്കാവുന്നതല്ലെന്നും ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും ടെലിഫോൺ വിളികളും പ്രതി സെബാസ്റ്റ്യൻ തന്നെയെന്നു തെളിയിക്കുന്നതാണ്. പക്ഷേ, ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും അന്വേഷണ സംഘത്തോടു പ്രതി സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു