സെബാസ്റ്റ്യൻ ചില്ലറക്കാരനല്ല: ഇയാൾക്ക് നല്ല നിയമോപദേശം കിട്ടിയിട്ടുണ്ട്: പോലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ പതറാതെ ഉത്തരം: ആദ്യ നിലപാടിൽ ഉറച്ചുനിൽക്കുന്നു: ജയ്നമ്മ തിരോധാന കേസിൽ ഒരെത്തും പിടിയുമില്ലാതെ ക്രൈംബ്രാഞ്ച് .

Spread the love

ആലപ്പുഴ: കോട്ടയം അതിരമ്പുഴ സ്വദേശിനി ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട്‌ ക്രൈംബ്രാഞ്ചിന്റെ കസ്‌റ്റഡിയിലുള്ള പള്ളിപ്പുറം സ്വദേശി സെബാസ്‌റ്റ്യന്‍ അന്വേഷണ ഉദ്യോഗസ്‌ഥരെ വട്ടംകറക്കുന്നു.
ആരോ പറഞ്ഞു പഠിപ്പിച്ചതുപോലുള്ള മൊഴികളില്‍ ഇയാള്‍ ഉറച്ചുനില്‍ക്കുകയാണ്‌. ഇതോടെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘം ഊര്‍ജിത നീക്കം തുടങ്ങി.

കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്‌റ്റഡിയിലാണു സെബാസ്‌റ്റ്യന്‍. ഉന്നത ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ തങ്ങള്‍ക്ക്‌ ലഭിച്ച തെളിവുകള്‍ നിരത്തി ശാസ്‌ത്രീയമായി ചോദ്യം ചെയ്‌തിട്ടും പ്രതി മനസ്‌ തുറക്കാന്‍ തയാറായിട്ടില്ല. നേരത്തെ നല്‍കിയ മൊഴികളില്‍ ഉറച്ചു നില്‍ക്കുകയാണ്‌. പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച കീറിയ തുണി, ബാഗ്‌, ഷാള്‍ എന്നിവയെക്കുറിച്ച്‌ തനിക്ക്‌ അറിവില്ലെന്ന മുന്‍നിലപാടാണ്‌ തുടരുന്നത്‌.

വീട്ടില്‍ രക്‌തക്കറ കണ്ടെത്തിയതിനും മറുപടിയില്ല. രണ്ടര ഏക്കറോളം വരുന്ന വസ്‌തുവിന്റെ ഉടമസ്‌ഥന്‍ താന്‍ മാത്രമല്ല സഹോദരങ്ങള്‍ക്കും അവകാശമുണ്ടെന്നും അവരും ഇടയ്‌ക്ക് ഇവിടെ വരാറുണ്ടെന്നുമാണു മറുപടി. താന്‍ ഏറ്റുമാനൂരിലാണു താമസിക്കുന്നതെന്നും പള്ളിപ്പുറത്തേക്കു വല്ലപ്പോഴുമേ വരുകയുള്ളുവെന്നും പ്രതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ക്ക്‌ നേരത്തെ കൃത്യമായ നിയമോപദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ്‌ അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതോടെ സെബാസ്‌റ്റ്യന്റെ സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്‌ കണ്ടെത്താനും നീക്കം തുടങ്ങി.
നേരത്തെ നാട്ടില്‍ സ്‌ത്രീകള്‍ അടക്കം പലരുമായി ഇയാള്‍ക്ക്‌ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഐഷയുടെ തിരോധാനവുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്നവരുമായുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.

ആദ്യഘട്ട അന്വേഷണത്തിന്റെ ഭാഗമായി അയല്‍വാസികളില്‍നിന്നടക്കം ഉദ്യോഗസ്‌ഥര്‍ മൊഴിയെടുത്തിരുന്നു. രാത്രികാലങ്ങളില്‍ പലപ്പോഴും പള്ളിപ്പുറത്തെ സെബാസ്‌റ്റ്യന്റെ ചെങ്ങത്തറ വീട്ടില്‍ ആള്‍ക്കാര്‍ എത്തിയിരുന്നതായി മൊഴികള്‍ ലഭിച്ചു. ഇതെല്ലാം പിന്നീട്‌ സെബാസ്‌റ്റ്യന്‍ നിഷേധിച്ചതായാണ്‌ വിവരം. ഇത്തരം കാര്യങ്ങളില്‍ വ്യക്‌തത വരുത്താന്‍ ഇയാളുടെ പഴയകാല സുഹൃത്ത്‌ വലയത്തിലേക്ക്‌ അന്വേഷണം നീളും.

കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്‍, ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡില്‍ വെളിയില്‍ ഹയറുമ്മ (ഐഷ) എന്നിവരുടെ തിരോധാനത്തില്‍ ഇയാള്‍ക്ക്‌ പങ്കുണ്ടെന്ന്‌ അന്വേഷണത്തിന്‌ നേരത്തെ സുചന ലഭിച്ചിരുന്നെങ്കിലും വ്യക്‌തമായ തെളിവുകള്‍ ലഭിക്കാതിരുന്ന ഘട്ടത്തിലാണ്‌ ജൈനമ്മയുടെ തിരോധാന കേസില്‍ അറസ്‌റ്റിലായത്‌. ധ്യാനകേന്ദ്രത്തില്‍ വച്ചാണ്‌ ഇയാള്‍ ജൈനമ്മയുമായി കണ്ടുമുട്ടിയതെന്നാണ്‌ വിവരം.

പിന്നീട്‌ ഇയാളുടെ നിര്‍ദേശ പ്രകാരം ജൈനമ്മ പള്ളിപ്പുറത്തെ വീട്ടിലെത്തിയിട്ടുണ്ടാകാമെന്നാണ്‌ സംശയിക്കുന്നത്‌. ജൈനമ്മയെ കാണാതായ ദിവസം ഇരുവരും പള്ളിപ്പുറത്തെ ടവര്‍ ലെക്കേഷനിലുണ്ടായിരുന്നതായി കണ്ടെത്തിയതോടെയാണ്‌ സെബാസ്‌റ്റ്യന്‍ പിടിയിലായത്‌. തുടര്‍ന്ന്‌ രണ്ട്‌ ഘട്ടങ്ങളിലായി ക്രൈംബ്രാഞ്ച്‌ പള്ളിപ്പറത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ നിലയില്‍ തലയോട്ടിയും തുടയെല്ലും ക്ലിപ്പിട്ട പല്ലിന്റെ അവശിഷ്‌ടങ്ങളും കഴിഞ്ഞ ദിവസം അസ്‌ഥികളും കണ്ടെത്തിയിരുന്നു.