സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അവസാനനിമിഷം ബിജെപി വിട്ട് കോൺഗ്രസിലെത്തിയ മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് വൻ പരാജയം
സ്വന്തം ലേഖകൻ
ബംഗളൂരു: സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അവസാനനിമിഷം ബിജെപി വിട്ട് കോൺഗ്രസിലെത്തിയ മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് വൻ പരാജയം. ഹുബ്ബള്ളി- ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഷെട്ടാർ ബിജെപി സ്ഥാനാർഥിയായ മഹേഷ് തെങ്കിനക്കൈയോട് ദയനീയമായി പരാജയപ്പെട്ടു.
മൂന്ന് തവണ ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഷെട്ടാറിന് ഇത്തവണ തോൽവി അപ്രതീക്ഷിതമായി. ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഇത്തവണ ബിജെപി തന്നെ പരിഗണിക്കാതിരുന്നതാണ് ഷെട്ടാറിനെ ചൊടിപ്പിച്ചത്. സീറ്റ് നിഷേധിച്ചതോടെ പാർട്ടിയുമായി ഇടഞ്ഞ മുതിർന്ന നേതാവ് വൈകാതെ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ലിംഗായത്ത് വിഭാഗത്തിലെ പ്രമുഖ നേതാവിനെ ഇരുംകൈയും നീട്ടിയാണ് കോൺഗ്രസ് നേതൃത്വം വരവേറ്റത്. ഹുബ്ബള്ളി ധാർവാഡ് സെൻട്രലിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഷെട്ടാറിനെ പ്രഖ്യാപിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർട്ടിവിട്ട് കോൺഗ്രസ് സ്ഥാനാർഥിയായ ഷെട്ടാറിനെതിരേ വൻപ്രചാരണമാണ് ബിജെപി നടത്തിയത്. ജഗദീഷ് ഷെട്ടാർ വിജയിക്കില്ലെന്ന് താൻ ചോരകൊണ്ട് എഴുതിവെക്കാമെന്ന് മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ പ്രചാരണത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു.
രാമനഗരിയിൽ മുൻമുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി പരാജയപ്പെട്ടു.