
കണ്ണൂർ: സി.പി.എം നേതൃത്വത്തിനെതിരെ ‘ആരാണ് പാർട്ടി?’ എന്ന ചോദ്യമുയർത്തി പരസ്യ നിലപാടെടുത്ത മുൻ നേതാവ് മനു തോമസ്, പാർട്ടിയെ വീണ്ടും വെട്ടിലാക്കുന്ന അതീവ ഗുരുതരമായ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്.
തെരഞ്ഞെടുപ്പില്‍ തീവ്ര നിലപാടുള്ള സംഘടനയായ എസ്.ഡി.പി.ഐയുടെ പിന്തുണ ഉറപ്പാക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികള്‍ക്ക് രഹസ്യ നിർദ്ദേശം നല്‍കിയെന്നാണ് മനു തോമസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
മഹാരാജാസ് കോളേജില്‍ കാമ്പസ് ഫ്രണ്ട് (ഇപ്പോള്‍ നിരോധിത സംഘടനയായ പി.എഫ്.ഐയുടെ വിദ്യാർത്ഥി വിഭാഗം) പ്രവർത്തകരാല്‍ കൊലചെയ്യപ്പെട്ട സി.പി.എം പ്രവർത്തകൻ അഭിമന്യുവിന്റെ സ്മരണ നിലനിർത്തുന്ന പോസ്റ്ററിനൊപ്പമാണ് മനു തോമസ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
“വർഗീയത തുലയട്ടെ, കാമ്പസ് ഫ്രണ്ട് തുലയട്ടെ” എന്ന അഭിമന്യുവിന്റെ അവസാന വരികള്‍ രേഖപ്പെടുത്തിയ മതിലിന് മുന്നില്‍ നില്‍ക്കുന്ന അഭിമന്യുവിന്റെ ചിത്രമാണ് മനു തോമസ് പങ്കുവെച്ചത്. ‘നാൻ പെറ്റ മകനെ’ എന്ന അഭിമന്യുവിന്റെ അമ്മയുടെ തേങ്ങല്‍ കേരളം മറക്കില്ലെന്ന് ഓർമ്മിപ്പിക്കുന്ന അദ്ദേഹം, അതെ അമ്മയുടെ മകന്റെ കൊലയാളികളുമായി കൈകോർക്കാനാണ് പാർട്ടി ഇപ്പോള്‍ തയ്യാറെടുക്കുന്നതെന്ന് തുറന്നടിക്കുന്നു.
അതീവ വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എന്ന നിലയില്‍ മനു തോമസ് പുറത്തുവിട്ടിരിക്കുന്ന കാര്യങ്ങള്‍ സി.പി.എം കേഡർമാരെപ്പോലും ഞെട്ടിക്കുന്നതാണ്. എല്ലാ ജില്ലകളിലെയും പ്രാദേശിക – ജില്ലാ തലങ്ങളിലുള്ള എസ്.ഡി.പി.ഐ നേതാക്കളുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് സി.പി.എം ജില്ലാ നേതൃത്വങ്ങള്‍ക്ക് കൈമാറാൻ സംസ്ഥാന നേതൃത്വം കർശന നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇതോടൊപ്പം, തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ എസ്.ഡി.പി.ഐയ്ക്കെതിരായ വിമർശനങ്ങള്‍ പൂർണ്ണമായും ഒഴിവാക്കണമെന്നും നേതൃത്വം പ്രാദേശിക ഘടകങ്ങള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മനു തോമസിന്റെ ഈ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ഒരുവശത്ത്, പാർട്ടിയിലെ നിലവിലെ പ്രവണതകളെയും വ്യക്തികേന്ദ്രീകൃത അധികാര ഘടനയെയും ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം കഴിഞ്ഞ ദിവസം ഉന്നയിച്ച ‘ആരാണ് പാർട്ടി?’ എന്ന താത്വികമായ ചോദ്യം ചർച്ചയായിരിക്കെയാണ്, പ്രായോഗിക രാഷ്ട്രീയത്തിലെ വലിയൊരു ചതിക്കുഴിയെക്കുറിച്ചുള്ള ഈ പുതിയ തുറന്നുപറച്ചില്‍.
അഭിമന്യുവിനെപ്പോലുള്ള രക്തസാക്ഷികളുടെ ആദർശങ്ങളെ തള്ളിപ്പറഞ്ഞ്, അധികാരം നിലനിർത്താൻ ഏത് വർഗ്ഗീയ ശക്തിയുമായും വിട്ടുവീഴ്ച ചെയ്യാൻ പാർട്ടി തയ്യാറാകുന്നു എന്ന ആരോപണം അണികള്‍ക്കിടയില്‍ വലിയ അമർഷത്തിനും ആശയക്കുഴപ്പത്തിനും കാരണമായിട്ടുണ്ട്. മനു തോമസിന്റെ വെളിപ്പെടുത്തലിനെ പിന്തുണച്ചും, അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമർശനങ്ങള്‍ ഉന്നയിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. പാർട്ടിയുടെ വർഗ്ഗീയ വിരുദ്ധ നിലപാടുകളിലെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുന്ന ഈ സാഹചര്യത്തില്‍, സി.പി.എം ഔദ്യോഗിക നേതൃത്വം ഈ ആരോപണങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.



