വികസനം നിലമ്പൂരിന് അന്യം; ദുരന്ത പുനരധിവാസത്തില്‍ പോലും സര്‍ക്കാര്‍ ജനങ്ങളെ കൈയൊഴിഞ്ഞു: ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി അഡ്വ. സാദിഖ് നടുത്തൊടി മല്‍സരിക്കുമെന്ന് എസ്ഡിപിഐ

Spread the love

മലപ്പുറം: ഭരണ-പ്രതിപക്ഷ കക്ഷികളുടെ ജനങ്ങളോടുള്ള പ്രതിബദ്ധത മാറ്റുരയ്ക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി അഡ്വ. സാദിഖ് നടുത്തൊടി മല്‍സര രംഗത്തുണ്ടാവുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും ചിലര്‍ മണ്ഡലത്തെ കുത്തകയാക്കി വെച്ചിട്ടും നിലമ്പൂരിലെ ജനതയ്ക്ക് വികസനം ഇന്നും കിട്ടാക്കനിയാണ്. മുന്നൂ മുന്നണികളുടെയും വികസന വായ്ത്താരികള്‍ പൊള്ളയാണെന്ന് തിരിച്ചറിയാനുള്ള വിവേകം വോട്ടര്‍മാര്‍ക്കുണ്ട്. പി വി അന്‍വറിനെ തിരഞ്ഞെടുത്തെങ്കിലും ഭരണപങ്കാളിത്തം ഉണ്ടായിട്ടു പോലും ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല.

കേരളത്തെ ഞെട്ടിച്ച കവളപ്പാറ ദുരന്തം കഴിഞ്ഞ് അഞ്ചു വര്‍ഷം പിന്നിട്ടിട്ടും ദുരന്തബാധിതരുടെ പുനരധിവാസം പോലും എങ്ങുമെത്തിയിട്ടില്ല. കവളപ്പാറയിലെ മുത്തപ്പന്‍കുന്ന് ഘോരശബ്ദത്തോടെ ഇടിഞ്ഞു കുത്തിയൊലിച്ച് 59 മനുഷ്യരാണ് മണ്ണിനടിയിലായത്. 18 ദിവസം നീണ്ട തിരച്ചിലില്‍ 48 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 11 പേരെക്കുറിച്ചുള്ള വിവരം ഇന്നും അജ്ഞാതമാണ്. ചില സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികള്‍ സ്‌പോണ്‍സര്‍ ചെയ്ത നിര്‍മാണങ്ങളും മാത്രമാണ് അവിടെ നടന്നിട്ടുള്ളത്. 600 ഓളം വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്‌തെങ്കിലും അതിന്റെ നാലിലൊന്നു മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. ദുരന്തം നടന്ന് ഇരുപതാമത്തെ ദിവസം സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ‘റീബില്‍ഡ് നിലമ്പൂര്‍’ പ്രഖ്യാപനം കടലാസില്‍ മാത്രമായി ഒതുങ്ങി. വീണ്ടും ജനങ്ങളെ ഭീതിയിലാഴ്ത്തി കാലവര്‍ഷം തിമിര്‍ത്തു പെയ്യുകയാണ്. ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്വം പോലും നിര്‍വഹിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014 ല്‍ നിലമ്പൂര്‍ ബൈപ്പാസ് നിര്‍മിക്കുന്നതിന് ഭൂമി ഏറ്റെടുത്തെങ്കിലും ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും തുടങ്ങിയിടത്തു തന്നെ നില്‍ക്കുന്നു. കൂടാതെ ഭൂവുടമകള്‍ക്ക് അതിന്റെ തുക നല്‍കിട്ടുമില്ലെന്നു മാത്രമല്ല ഭൂമിയുടെ ക്രയവിക്രയം നടത്താന്‍ പോലും സാധിക്കുന്നില്ല. നാടുകാണി- പരപ്പനങ്ങാടി 12 അടി പാത, മലനാട്- ഇടനാട്- തീരപ്രദേശം പാത തുടങ്ങി കോടികള്‍ ചെലവഴിച്ച പദ്ധതികള്‍ ഇന്നും പൂര്‍ത്തീകരിക്കാനായിട്ടില്ല. എടക്കര ബൈപ്പാസ് പദ്ധതി എവിടെയുമെത്തിയിട്ടില്ല.

ആരോഗ്യമേഖല നേരിടുന്ന പിന്നാക്കാവസ്ഥ വിവരണാതീതമാണ്. ജില്ലാ ആശുപത്രി വികസനത്തിന് സ്‌കൂളിന്റെ ഭൂമി ഏറ്റെടുക്കുന്നത് അനന്തമായി നീളുന്നു. കാര്‍ഡിയോളജി ചികില്‍സ ഇവിടെ ലഭ്യമല്ല. ഇന്നും ജനങ്ങള്‍ക്ക് ആശ്രയം കോഴിക്കോട് മെഡിക്കല്‍ കോളജ് മാത്രമാണ്. ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിവ വര്‍ഷങ്ങളായി വികസനമില്ലാതെ കിടക്കുന്നു. ഗവ. കോളജിന് സ്ഥലം അനുവദിച്ചു എന്ന് അവകാശപ്പെടുമ്പോഴും സ്ഥാപനം ഇന്നും വാടക കെട്ടിടത്തില്‍ തുടരുന്നൂ.

നിലമ്പൂരിലെ ആദിവാസി ജനവിഭാഗം നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് നാളിതുവരെ ക്രിയാല്‍മകമായ പരിഹാരം ഉണ്ടായിട്ടില്ല. പാര്‍പ്പിടം, ഗതാഗത സൗകര്യം, ഭൂമിയുടെ ഉടമസ്ഥതാവകാശം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റപ്പെട്ടിട്ടില്ല. മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയ പാലം പുനര്‍നിര്‍മിക്കാനോ ബദല്‍ സംവിധാനൊരുക്കാനോ പോലും നാളിതുവരെ സര്‍ക്കാരിനു സാധിച്ചിട്ടില്ല.

വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശം കൂടിയാണിത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടു ജീവനുകളാണ് ഇവിടെ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത്. നഷ്ടപരിഹാരം പോലും പൂര്‍ണമായി നല്‍കിയിട്ടില്ല. വന്യമൃഗ ശല്യം മൂലം ജനങ്ങള്‍ കൃഷി ഉപേക്ഷിക്കുകയാണ്. പ്രകൃതി ക്ഷോഭം, വന്യജീവി ശല്യം ഉള്‍പ്പെടെ ഉണ്ടായിട്ടുള്ള കൃഷിനാശത്തിന് കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയിട്ടില്ല.

വിവേചനമില്ലാത്ത വികസനത്തിന് എസ്ഡിപിഐ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി റഫീഖ്, സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ടി ഇഖ്‌റാമുല്‍ ഹഖ്, ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി സംബന്ധിച്ചു.