video
play-sharp-fill

സഭയെ തൊടാൻ ഭയപ്പെട്ട് സർക്കാരും സിപിഎമ്മും: സഭയുടെ സംരക്ഷണവലയത്തിൽ ചിലർ സുരക്ഷിതർ; പീഡിപ്പിച്ച ബിഷപ്പിനും മന്ത്രിയെ പരിഹസിച്ച സെക്രട്ടറിയ്ക്കും കുരിശിന്റെ തണൽ: വോട്ട് ബാക്ക് കാട്ടി സർക്കാരിനെ സഭ വിറപ്പിച്ചു നിർത്തുന്നു

സഭയെ തൊടാൻ ഭയപ്പെട്ട് സർക്കാരും സിപിഎമ്മും: സഭയുടെ സംരക്ഷണവലയത്തിൽ ചിലർ സുരക്ഷിതർ; പീഡിപ്പിച്ച ബിഷപ്പിനും മന്ത്രിയെ പരിഹസിച്ച സെക്രട്ടറിയ്ക്കും കുരിശിന്റെ തണൽ: വോട്ട് ബാക്ക് കാട്ടി സർക്കാരിനെ സഭ വിറപ്പിച്ചു നിർത്തുന്നു

Spread the love

തേർഡ് ഐ ഡെസ്‌ക്

കോട്ടയം: സഭയും വൈദികരും പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ സർക്കാർ ആദ്യം ഒരടി മുന്നോട്ടും , പിന്നീട് രണ്ടടി പിന്നോട്ടും..! ഇരട്ടച്ചങ്കുമായി എന്തിനെയും വെല്ലുവിളിച്ച് എല്ലാം ശരിയാക്കാൻ അധികാരത്തിൽ എത്തിയ പിണറായി സർക്കാർ സഭയുടെ വെല്ലുവിളിയിൽ മുട്ടിടിച്ചു നിൽക്കുന്നു. മൂന്നാറിലെ കുരിശുമുതൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക്ഷേപം വരെയെത്തി നിൽക്കുന്ന സഭാമക്കളുടെ കടന്നുകയറ്റത്തിൽ സർക്കാർ സമ്പൂർണമൗനം പാലിക്കുകയാണ്. സഭയുടെ വിശ്വസ്തർ പ്രതിയാകുന്ന കേസുകളിലെ ഒച്ചിഴയും വേഗവും മൗനവും പക്ഷേ, മറ്റു പല കേസുകളിലും കാണാനുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ്ബുക്കിൽ നിന്നും താഴെ വീണ ഡിജിപി ജേക്കബ് തോമസ് കഴിഞ്ഞ നാലു മാസമായി സസ്‌പെൻഷനിലാണ്. പക്ഷേ, റവന്യുമന്ത്രിയെ പരസ്യമായി വിമർശിച്ച പി.എച്ച് കുര്യൻ ഇപ്പോഴും സർക്കാർ സർവീസിൽ സഭയുടെ തണലിൽ തുടരുന്നു.
ഇടതു സർക്കാരിന്റെ മുഖഛായയെയും പ്രതിഛായയെയും തന്നെ മാറ്റിമറിക്കാനുള്ള കഴിവുമായാണ് മൂന്നാർ ഓപ്പറേഷൻ ആരംഭിച്ചത്. ഒന്നും പൊളിക്കാതെ നിയമനടപടികളിലൂടെ എല്ലാം തകിടം മറിക്കുമെന്നു പ്രഖ്യാപിച്ചായിരുന്നു പിണറായി സർക്കാരിന്റെ മൂന്നാർ ഓപ്പറേഷൻ. എന്നാൽ, മൂന്നാറിലെ ഒരു മലയുടെ മുകളിലുണ്ടായിരുന്ന അനധികൃത കുരിശിൽ കൈവച്ചതോടെ സർക്കാരിനും സിപിഎമ്മിനും കൈപൊള്ളി. കുരിശിൽതൊട്ട സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ തെറിച്ചു. പിന്നെ എല്ലാം യാന്ത്രികമായി മാത്രമാണ് മൂന്നാറിൽ നടന്നത്.
ഇതിനിടെയാണ് കേരളത്തിലെ ക്രൈസ്തവ സഭയെ തന്നെ പിടിച്ചുകുലുക്കി കർദിനാൾ മാർജോർജ് ആലഞ്ചേരിയുടെ ഭൂമി വിവാദമുണ്ടായത്. രേഖാമൂലം പരാതിയുണ്ടായിട്ടും സംസ്ഥാന സർക്കാരിൽ നിന്നും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ജോർജ് ആലഞ്ചേരിയെ ചോദ്യം ചെയ്‌തെങ്കിലും കോടതി പോലും വിഷയത്തിൽ സഭയ്ക്ക് പിൻതുണയുമായി നിന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.
ഇതിനിടെയാണ് അഞ്ച് ഓർത്തഡോക്‌സ് സഭാ വൈദികർ യുവതിയെ പീഡിപ്പിച്ചതായി പരാതി ഉയർന്നത്. പരാതി പരമാവധി ഒതുക്കിത്തീർക്കാൻ ശ്രമിച്ച സർക്കാരും പൊലീസും അറസ്റ്റ്ും വൈകിപ്പിച്ചു. തുടർന്നു കോടതി ഇടപെടലോടെ അഞ്ചു വൈദികരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എല്ലാവരും അന്വേഷണ സംഘത്തിനു മുന്നിലെത്തി കീഴടങ്ങുകയായിരുന്നു. സാധാരണക്കാരനെതിരെ ഒരു പീഡന പരാതി ലഭിച്ചാൽ ഓടിച്ചിട്ട് അറസ്റ്റ് ചെയ്യുന്ന പൊലീസാണ് സർക്കാരിന്റെയും സഭയുടെയും സമ്മർദനത്തിനു വഴങ്ങി അറസ്റ്റ് വൈകിപ്പിച്ചത്.
പിന്നീട്, എത്തിയത് ബിഷപ്പ് ഫ്രാങ്കോമുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീയുടെ പരാതിയായിരുന്നു. എന്നാൽ, ഈ പരാതി കയ്യിൽക്കിട്ടി 90 ദിവസം കഴിഞ്ഞിട്ടും പൊലീസിനു ഇതുവരെയും അന്വേഷണം പൂർത്തിയാക്കാൻ പോലും സാധിച്ചിട്ടില്ല. ഇതിനിടെയാണ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ പൊതുവേദിയിൽ കൃഷിമന്ത്രിയെ പരസ്യമായി അധിക്ഷേപിച്ചത്. കൃഷിയെ തള്ളിപ്പറഞ്ഞ ഇദ്ദേഹം മന്ത്രിയ്‌ക്കെതിരെ പരസ്യമായി നിലപാടും എടുത്തു. എന്നാൽ, സഭയ്ക്കു വേണ്ടി സംഘടിപ്പിക്കപ്പെട്ട സെമിനാറായതിനാൽ ഒരാൾ പോലും ഇദ്ദേഹത്തിനെതിലെ പരാതിപ്പെടാൻ തയ്യാറാകില്ലെന്ന് ഉറപ്പാണ്. സഭയുടെ മാനസപുത്രനായ പി.എച്ച് കുര്യന്റെ രോമത്തിൽ തൊടാൻ പോലും സർക്കാർ തയ്യാറാകില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ഡിജിപി ജേക്കബ് തോമസ് സസ്‌പെൻഷനിൽ കഴിയുമ്പോൾ, തന്റെ മന്ത്രിസഭയിലെ ഒരാളെ പരസ്യമായി അധിക്ഷേപിച്ച സഭയുടെ പുത്രനെതിരെ പിണറായി വിജയൻ എന്ത് നടപടിയെടുക്കുമെന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.