ആലുവയിൽ രണ്ടുദിവസംകൊണ്ട് ഒരേ സ്കൂട്ടർ മോഷണം പോയത് രണ്ട് തവണ; മോഷ്ടാക്കൾ ഒരേ വിദ്യാർത്ഥികൾ

Spread the love

ആലുവ: വ്യാഴാഴ്ച വൈകിട്ട് നാലരയോടെ പൈനാട്ടിൽ അമ്പലത്തിന് സമീപത്തുവെച്ചായിരുന്നു എടത്തല എൻഎഡി മുകൾ മുരളീധരൻനായരുടെ സ്കൂട്ടർ ആദ്യം മോഷണം പോകുന്നത്. പറമ്പിൽ കൃഷിപ്പണി ചെയ്തുകൊണ്ടിരിക്കുമ്പോൾ റോഡരികിൽ പാർക്ക് ചെയ്ത സ്കൂട്ടറുമായി രണ്ടുപേർ കടന്നുകളയുന്നത് മുരളീധരൻനായർ കണ്ടത്. ഇതേത്തുടർന്ന് എടത്തല പോലീസിൽ പരാതി നൽകി.

video
play-sharp-fill

പിറ്റേന്ന് സ്വന്തമായി നടത്തിയ അന്വേഷണത്തിൽ വടാശ്ശേരി ശാന്തിഗിരിയിൽ റോഡരികിൽ നിർത്തിയിട്ടനിലയിൽ സ്കൂട്ടർ കണ്ടെത്തുകയും ചെയ്തു. ചങ്ങല ഉപയോഗിച്ച് സ്കൂട്ടർ ബന്ധിച്ചശേഷം എടത്തല പോലീസിൽ വിവരം അറിയിക്കുന്നതിനായി മുരളീധരൻനായർ പോയി. ഈ സമയം ചങ്ങല പൊട്ടിച്ച് രണ്ടാമതും സ്കൂട്ടർ മോഷണം നടത്തി. രണ്ടാംതവണയും സ്കൂട്ടർ കാണാതെപോയതോടെ പോലീസും അന്വേഷണം ഊർജിതമാക്കി.

സൗത്ത് കളമശ്ശേരി കൺട്രോൾ റൂം പോലീസ് ഒടുവിൽ സ്കൂട്ടർ കണ്ടെത്തി. 15 വയസ്സുകാരായ നാല് സ്കൂൾവിദ്യാർഥികളാണ് സ്കൂട്ടറുമായി കടന്നുകളഞ്ഞത്. വണ്ടി ഇരിക്കുന്നതുകണ്ടപ്പോൾ ഹരംതോന്നി എടുത്തുകൊണ്ടുപോയതാണെന്ന് കുട്ടികൾ പോലീസിനോട് പറഞ്ഞു. സ്കൂട്ടറിൽ രൂപമാറ്റം വരുത്താനും കുട്ടികൾ ശ്രമം നടത്തിയിട്ടുണ്ട്. കണ്ണാടികൾ ഊരിമാറ്റിയും നമ്പർപ്ലേറ്റുകൾ തിരുത്തിയുമാണ് അവർ സ്കൂട്ടർ ഉപയോഗിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച വൈകീട്ട് മുരളീധരൻനായർ കളമശ്ശേരി പോലീസ് സ്റ്റേഷനിലെത്തി സ്കൂട്ടർ തിരിച്ചറിഞ്ഞു. പരാതിയില്ലെന്ന് അറിയിച്ചതിനാൽ സ്കൂട്ടർ പോലീസ് വിട്ടുകൊടുത്തു.