
കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പൂര്‍ത്തിയാകുന്ന സയന്‍സ് സിറ്റി :100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തണം :ജോസ് കെ.മാണി
സ്വന്തം ലേഖകൻ
കോട്ടയം : കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴില്‍ കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പൂര്‍ത്തിയാകുന്ന സയന്‍സ് സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ 100 ദിനകര്‍മ്മപദ്ധതില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കണമെന്ന് ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ചര്‍ച്ച നടത്തിയതായും എം.പി പറഞ്ഞു.
സയന്‍സ് സിറ്റി സ്ഥാപിതമാകുന്നതോടെ കോട്ടയത്തിന് കൈവരുന്നത് ദക്ഷിണേന്ത്യയുടെ ശാസ്ത്ര തലസ്ഥാനമാകാനുള്ള ചരിത്രനിയോഗം. കോട്ടയത്തെ ലോക്‌സഭാംഗമായിരുന്ന കാലത്ത് കേന്ദ്രസര്‍ക്കാരുമായി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ഇടപെടലുകളുടെയും ഫലമായാണ് ഇന്ത്യയിലെ മെട്രൊപൊലിറ്റന്‍ നഗരങ്ങള്‍ക്ക് മാത്രം അനുവദിക്കുന്ന സയന്‍സ് സിറ്റി അക്ഷരങ്ങളുടെ ദേശത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് ജോസ് കെ.മാണി പറഞ്ഞു. രാജ്യത്തെ നാലാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ സയന്‍സ് സിറ്റിയാണ് കുറവിലങ്ങാട്ട് സ്ഥാപിതമാകുന്നത്്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യഘട്ടത്തില്‍ കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തി സയന്‍സ് സെന്റര്‍ ആരംഭിക്കും. ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചയും വികാസവും വിശദമാക്കുന്ന ബയോടെക്‌നോളജി ഗ്യാലറി, നാനോ ടെക്‌നോളജി ഗ്യാലറി, പോപ്പുലര്‍ സയന്‍സ് ഗ്യാലറി എന്നിവ സെന്ററിന്റെ ഒന്നാംഘട്ടം പ്രവര്‍ത്തനങ്ങളുള്‍പ്പെടുത്തി നിര്‍മ്മിക്കും.
ആനിമേഷന്‍, ഗ്രാഫിക്‌സ്, മള്‍ട്ടിമീഡിയ, ഇന്ററാക്റ്റിവിറ്റി എന്നിവ ഉള്‍പ്പെടുത്തി ആധുനിക സയന്‍സിന്റെ സൂക്ഷ്മാനുഭവങ്ങള്‍ വരെ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പകര്‍ന്ന് നല്‍കുന്ന വിധത്തിലാണ് ഈ ഗ്യാലറികള്‍ നിര്‍മ്മിക്കുന്നത്. വിജ്ഞാനവും കൗതുകവും വിനോദവും പകര്‍ന്ന് നല്‍കുന്ന നൂറിലധികം അടിസ്ഥാന ശാസ്ത്രതത്വങ്ങളുടെ ചിത്രീകരണവും ഈ ഗ്യാലറിയില്‍ ഒരുക്കും.
കോട്ടയത്തിന്റെ സാമൂഹ്യപുരോഗതിയില്‍ നാഴികകല്ലായി തീരുന്ന സയന്‍സ് സിറ്റി കേരളത്തിന് അനന്തമായ തൊഴില്‍ സാധ്യതകള്‍ കൂടിയാണ് തുറന്നുനല്‍കുന്നത്. വൈവിദ്ധ്യമാര്‍ന്ന ശാസ്ത്ര-സാങ്കേതിക മേഖലകളുടെ വളര്‍ച്ചയും വികാസവും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിനും സയന്‍സ് സിറ്റി വഴിയൊരുക്കും. വര്‍ഷം തോറും ഇന്ത്യക്കകത്തു നിന്നും പുറത്തുനിന്നുമായി ലക്ഷകണക്കിന് ആളുകള്‍ ശാസ്ത്രനഗരി സന്ദര്‍ശിക്കാന്‍ എത്തുന്നതോടെ കോട്ടയത്തിന്റെ വിനോദസഞ്ചാര രംഗത്ത് വന്‍ വളര്‍ച്ചയാണ് സാധ്യമാകുമെന്നും ജോസ് കെ.മാണി പറഞ്ഞു.