സ്‌കൂളിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; മലയാളി വൈദികനായ സ്‌കൂള്‍ ഡയറക്ടറും ബന്ധുവും അറസ്റ്റിൽ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ വലംകൈയ്യാണ് അറസ്റ്റിലായ വൈദികൻ: സംഭവം ജലന്ധര്‍ രൂപതയുടെ കീഴിലുള്ള കോണ്‍വെന്റ് സ്‌കൂളില്‍
ജലന്ധര്‍: സ്‌കൂളിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് വിദ്യാര്‍ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളി വൈദികനായ സ്‌കൂള്‍ ഡയറക്ടര്‍ അറസ്റ്റില്‍.
ജലന്ധറില്‍ മെഹത്പൂര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ഉംമ്രെ വാല്‍ ബില്ല ഗ്രാമത്തിലെ കോണ്‍വെന്റ് സ്‌കൂളിലാണ് സംഭവം. സെന്റ് ജൂഡ് കോണ്‍വന്റ് സ്‌കൂളിന്റെ ഡയറക്ടര്‍ മലയാളിയായ ആല്‍ബിന്‍ ആന്റണി, ബന്ധുവായ ഷാരോ ഷിജു( 19) എന്നിവരാണ് അറസ്റ്റിലായത്.
ഷാരോ ഷിജു ജലന്ധറിലെ ഗുരു ഗോവിന്ദ് സിങ് അവന്യുവിലെ താമസക്കാരന്‍ ആണെങ്കിലും സ്‌കൂളിലെ കാമ്പസിലാണ് അനധികൃതമായി തങ്ങാറുളളതെന്ന് വ്യക്തമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആല്‍ബിന്‍ ആന്റണിയും ഷാരോ ഷിജുവും പോക്‌സോ അടക്കം വിവിധ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
ഒക്ടോബര്‍ 25 ന് രാവിലെ പെണ്‍കുട്ടി ശുചിമുറി ഉപയോഗിക്കുന്നതിനിടയില്‍ ഷിജു മൊബൈല്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് പെണ്‍കുട്ടി കണ്ടതോടെയാണ് പരാതി നല്‍കിയത്.
സമീപത്തെ ഭിത്തിക്കിടയില്‍ മറഞ്ഞിരുന്ന ഷിജു ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പെണ്‍കുട്ടി കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് സ്‌കൂളില്‍ പരാതി നല്‍കിയപ്പോള്‍, വൈസ് പ്രിന്‍സിപ്പല്‍ ആദ്യം ഗൗനിച്ചില്ല എന്നും പരാതിയുണ്ട്. വരാനിരിക്കുന്ന ഒരുപരിപാടിയുടെ തിരക്കിലാണ് താനെന്ന ന്യായം പറഞ്ഞ് ഒഴിയാനാണ് ശ്രമിച്ചത്. ആ സമയത്ത് പ്രിന്‍സിപ്പലും ഡയറക്ടറും സ്ഥലത്തുണ്ടായിരുന്നില്ല.
സമുദായാംഗങ്ങളെ കൂട്ടി സ്‌കൂള്‍ ഡയറക്ടര്‍ ആല്‍ബിന്‍ ആന്റണിയെ കണ്ടപ്പോള്‍, സംഭവം അന്വേഷിക്കാമെന്ന് ആദ്യം ഉറപ്പുനല്‍കിയതായി എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍, കുട്ടിയുടെ പിതാവ് സ്വമേധയാ നടത്തിയ അന്വേഷണത്തില്‍ ഫാ.ആന്റണി, ബന്ധുവായ ഷിജുവിന് പെണ്‍കുട്ടികളുടെ ശുചിമുറിക്ക് തൊട്ടടുത്ത് മുറി അനുവദിച്ചതായി കണ്ടെത്തി.
ഇതോടെയാണ് ഇരുവരുടെയും പങ്കില്‍ സംശയം ഉയരുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തത്. ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഫാദര്‍ ആല്‍ബിന്‍ ആന്റണിയുടെ അറിവോടെയാണെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ജലന്ധര്‍ രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജൂഡ് കോണ്‍വെന്റ് സ്‌കൂള്‍. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതാധ്യക്ഷനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വലം കൈ ആയിരുന്നു ആല്‍ബിന്‍ ആന്റണി. പ്രതികളെ റിമാന്റ് ചെയ്തു.
ഒളിനോട്ടം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളും പോക്‌സോ നിയമപ്രകാരവുമാണ് പ്രതികളെ അറസ്റ്റ് ചെയ്്തതെന്ന് കേസിന് മേല്‍നോട്ടം വഹിക്കുന്ന ഷാക്കോട്ട് ഡപ്യുട്ടി സൂപ്രണ്ട്( ഡി സി പി) ഓങ്കാര്‍ സിങ് ബ്രാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും ഡിസിപി അറിയിച്ചു.