രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്; 13000 സ്‌കൂളുകളിലായി 42,90,000 വിദ്യാര്‍ത്ഥികള്‍ ഇന്ന് ക്ലാസിലെത്തും; ഒന്നാം ക്ലാസിലെത്തുന്നത് നാല് ലക്ഷത്തോളം കുട്ടികള്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്.

ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളാണ് ഇന്നാരംഭിക്കുന്നത്.
പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകള്‍ തുറക്കുമ്പോള്‍ 42,90000 വിദ്യാര്‍ത്ഥികള്‍ ഇന്ന് ക്ലാസിലെത്തും. നാല് ലക്ഷത്തോളം കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. എച്ച്‌.എസ്.എസില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രിമാരായ ആന്റണി രാജു, അഡ്വ. ജി.ആര്‍. അനില്‍, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ ജീവന്‍ ബാബു, റസൂല്‍ പൂക്കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, മേയര്‍ ആര്യാരാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, എസ്.എസ്.കെ ഡയറക്ടര്‍ ഡോ. സുപ്രിയ, വാര്‍ഡ് കൗണ്‍സിലര്‍ എല്‍.എസ്. കവിത, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഐ. ബിന്ദു തുടങ്ങിയവര്‍ പങ്കെടുക്കും.

ആദ്യ മൂന്നാഴ്ചയോളം പഠനഭാഗങ്ങളുടെ റിവിഷനായിരിക്കും. കഴിഞ്ഞ രണ്ട് വര്‍ഷം നടക്കാതിരുന്ന കായിക , ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇത്തവണ ഉണ്ടാകും. ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

‘മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികള്‍ ഭക്ഷണം പങ്കുവയ്ക്കരുത്. ഡിജിറ്റല്‍ പഠനം സമാന്തരമായി മുന്നോട്ടുകൊണ്ടുപോകും.’-മന്ത്രി പറഞ്ഞു.

പാഠ പുസ്തക, യൂണിഫോം വിതരണം തൊണ്ണൂറ് ശതമാനം പൂര്‍ത്തിയായി. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന എല്ലായിടത്തും പൂര്‍ത്തിയായിട്ടില്ല. ഇതുവരെയുള്ള കണക്ക് പ്രകാരം പതിനഞ്ചിനും പതിനേഴിനുമിടയിലുള്ള 54.12% കുട്ടികള്‍ക്കും, പന്ത്രണ്ടിനും പതിനാലിനും ഇടിയിലുള്ള 14.43% കുട്ടികള്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.