
തൃശൂര്‍:64-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തൃശൂരിൽ തിരി തെളിയും. അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ 10 മുതൽ മത്സരാർഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. 12 മണിയോടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആദ്യ സംഘത്തിന് സ്വീകരണം നൽകും.
സ്കൂൾ കലോത്സവനഗരിയിലേക്കുള്ള 117.5 പവൻ്റെ സ്വർണക്കപ്പ് ഇന്നെത്തും. ഇന്നലെ ചാലക്കുടിയിലെ ആദ്യ സ്വീകരണത്തിനു ശേഷം വൈകീട്ട് വടക്കാഞ്ചേരിയിൽ സമാപിച്ച സ്വർണക്കപ്പ് ഘോഷയാത്ര ഇന്നു രാവിലെ 9ന് പുനരാരംഭിക്കും.
വൈകീട്ട് 3 ന് പൂരനഗരിയിലെ ഒന്നാംനമ്പർ വേദിയായ സൂര്യകാന്തിയിലെത്തും. പൂമാലയിട്ടും കൈയടിച്ചും കുട്ടികൾ കപ്പിനു വിവിധ ഇടങ്ങളിൽ നൽകിയ സ്വീകരണത്തിൽ ആയിരങ്ങൾ അണിനിരന്നു. ഒപ്പം കലോത്സവത്തിൻ്റെ ആവേശവും തിരതല്ലി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഇക്കുറിയും കലോത്സവത്തിന് എത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്നത്.25000 ത്തിൽ അധികം പേർക്കാണ് ഭക്ഷണം ഒരുക്കുന്നത്.ഉച്ചയ്ക്ക് മൂന്നു മണിക്ക് ഊട്ടുപുരയിൽ പാലുകാച്ചും.
തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങൾ സഞ്ചരിച്ച് സ്വർണക്കപ്പ് ഉച്ചയ്ക്ക് രണ്ടുമണിയോടെ തൃശൂർ നഗരത്തിലെത്തും. തുടർന്ന് കലോത്സവത്തിന്റെ വരവറിയിച്ചുള്ള സാംസ്കാരിക ഘോഷയാത്രയും നടക്കും.
25 വേദികളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുക.
കലോത്സവത്തിന്റെ പ്രധാന വേദി സംഘാടകർക്ക് കൈമാറി കഴിഞ്ഞു.10 എസ്ഐ മാരുടെ കീഴിൽ 1200 ഓളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്. നഗരത്തിൽ സ്ത്രീ സൗഹൃദ ടാക്സികളും സർവീസ് നടത്തും.
ചാലക്കുടി ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച സ്വർണക്കപ്പ് ഘോഷയാത്രക്കുള്ള ജില്ലയിലെ ആദ്യ സ്വീകരണ ചടങ്ങ് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കലക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷനായി. ചാലക്കുടി സൗത്ത് സർവിസ് റോഡിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ്, സ്‌കൗട്ട്സ്, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെയാണ് സ്‌കൂൾ പരിസരത്ത് എത്തിയത്. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ പി.എം. ബാലകൃഷ്ണൻ, ചാലക്കുടി നഗരസഭ ചെയർപേഴ്‌സൺ ആലിസ് ഷിബു തുടങ്ങിയവർ പങ്കെടുത്തു.



