കുട്ടികളിൽ സമ്മർദ്ദം ലഘൂകരിക്കാനും ഉല്ലാസത്തിനുമായി സ്‌കൂളുകളിൽ പ്രത്യേക സമയം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല യോഗത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വളർന്നുവരുന്ന തലമുറ സമ്മർദങ്ങൾക്കടിമപ്പെട്ട് ജീവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം പൂർണ്ണമായി ഒഴിവാക്കണമെന്ന കാര്യം രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ബോധ്യപ്പെടുത്തണം. കുട്ടികൾക്ക് കളിച്ചുവളരാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. ഇതിനായി സ്‌കൂൾ വിടുന്നതിന് മുമ്പ് നിശ്ചിത സമയം കുട്ടികൾക്ക് കളിക്കാനുള്ള സമയം അനുവദിക്കണം. എല്ലാ സ്‌കൂളുകളിലും അതിനാവശ്യമായ സൗകര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.