
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമെന്ന് വിദ്യാഭ്യാസമന്ത്രി; അപ്പീൽ കൂടാതെ ആകെ മത്സരാർത്ഥികൾ 14,000
സ്വന്തം ലേഖകൻ
തിരുവനന്തപുരം: 61-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാര്‍ഗനിര്‍ദേശം നല്‍കിയത്. മാസ്‌കിന് പുറമേ എല്ലാവരും കൈയില്‍ സാനിറ്റൈസര്‍ കരുതണമെന്നും മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണയായി സൈന്യം പൊതുപരിപാടികള്‍ക്ക് വിട്ടുനല്‍കാറില്ലാത്ത വെസ്റ്റ്ഹില്‍ വിക്രം മൈതാനമാണ് ഇത്തവണ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദി. എട്ടു ഏക്കറാണ് മൈതാനത്തിന്റെ ആകെ വലിപ്പം.
കോടതി അപ്പീൽ വിധി ഇല്ലാതെ മൊത്തം 14000 പേർ കലോത്സവത്തിൽ പങ്കെടുക്കും. സംസ്കൃതോത്സവം, അറബിക് കലോസവവും ഇതോടൊപ്പം നടക്കും. എ ഗ്രേഡ്കാർക്ക് 1000 രൂപ ഒറ്റത്തവണ സ്കോളർഷിപ്പ് നൽകും. അടുത്ത തവണ തുക വര്‍ധിപ്പിക്കും.
ജനുവരി 2 ന് രജിസ്ട്രേഷൻ തുടങ്ങും. മോഡൽ സ്കൂളാണ് രജിസ്ടേഷൻ കേന്ദ്രം. ഓരോ ജില്ലക്കും ഓരോ കൗണ്ടർ ഒരുക്കും. കലാകാരൻമാർക്ക് യാത്രാ സൗകര്യത്തിനായി 30 കലോത്സവ വണ്ടിയും സജീകരിക്കും. എല്ലാ ഒരുക്കങ്ങളും നാളെ വൈകിട്ടോടെ പൂർത്തിയാകും. ജനുവരി 3 മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 24 വേദികളിലായി നടക്കുന്ന കലോത്സവം ഏഴിന് സമാപിക്കും. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവം കോഴിക്കോട് നഗരത്തെ കലയുടെ പൂരപ്പറമ്പാക്കി മാറ്റും.