
വാടകവീട്ടില്‍ കഴിയുന്ന വിദ്യാർത്ഥിക്ക് സഹപാഠികളുടെ സ്നേഹസമ്മാനം…! നാല് അംഗ കുടുംബത്തിന് വീടൊരുക്കി നൽകി ഗ്രേസി സ്മാരക സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ; താക്കോല്‍ദാനം ഇന്ന് നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു.തോമസ് നിര്‍വഹിക്കും
സ്വന്തം ലേഖകൻ
പാറത്തോട്: വാടകവീട്ടില്‍ കഴിയുന്ന വിദ്യാർത്ഥിക്ക് സഹപാഠികളുടെ സ്നേഹസമ്മാനം. അഞ്ചാം ക്ലാസ് വിദ്യാർത്ഥി അടങ്ങുന്ന നാല് അംഗ കുടുംബത്തിനാണ് ഗ്രേസി സ്മാരക സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വീടൊരുക്കിയത്.
അദ്ധ്യാപകര്‍, പി.ടി.എ, മാനേജ്‌മെന്‍റ്, സുമനസുകള്‍ തുടങ്ങിയവര്‍ പിന്തുണ നല്‍കിയപ്പോള്‍ കുടുംബത്തിന് സുരക്ഷിതമായി അന്തിയുറങ്ങാൻ സ്നേഹവീടൊരുങ്ങി. 9 ലക്ഷം രൂപ ചെലവിലാണ് വീട് നിർമ്മിച്ചത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടല്‍ ജീവനക്കാരനായ അച്ഛനും കാന്‍സര്‍ രോഗിയായ അമ്മയും രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് കുടുംബം. ഇവര്‍ക്ക് സ്വന്തമായുള്ള സ്ഥലത്താണ് പുതിയ വീടു നിര്‍മിച്ചുനല്‍കിയത്. രണ്ട് കിടപ്പുമുറി, ഹാള്‍, അടുക്കള, സിറ്റൗട്ട്, ശൗചാലയം എന്നിവ ഉള്‍പ്പെടെ 650 ചതുരശ്രയടി വിസ്തീര്‍ണമുള്ള വാര്‍ക്ക വീടാണ് നിർമ്മിച്ചു നൽകിയത്.
വീടിന്‍റെ താക്കോല്‍ദാനം ഇന്ന് 2.30ന് നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍
പി.യു.തോമസ് നിര്‍വഹിക്കും. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ എന്‍ഡോവ്‌മെന്റ് വിതരണോദ്ഘാടനം നിര്‍വഹിക്കും.
സ്‌കൂള്‍ മാനേജര്‍ എം.എസ്.ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്‍റ് സിന്ധു മോഹന്‍ മുഖ്യപ്രഭാഷണം നടത്തും. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികച്ച വിജയം നേടിയവരെ ജില്ലാ പഞ്ചായത്തംഗം പി.ആര്‍.അനുപമ അനുമോദിക്കും. സ്‌കോളര്‍ഷിപ്പ് വിതരണം എസ്.എന്‍.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്‍ സെക്രട്ടറി പി.ജീരാജ് നിര്‍വഹിക്കും. വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ലെറ്റി സി.തോമസിനെ ചടങ്ങില്‍ ആദരിക്കും.
പി.ടി.എ പ്രസിഡന്‍റ് ടി.എ.സെയ്‌നില്ല, ജനറല്‍ കണ്‍വീനര്‍ ടോമി ജേക്കബ്, ഹെഡ്മിസ്ട്രസ് ലെറ്റി സി.തോമസ്, സീനിയര്‍ അസി.പി.ജി.ദീപ എന്നിവര്‍ ഉള്‍പ്പെടുന്ന നിര്‍മാണ കമ്മിറ്റിയാണ് വീടു നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.