സ്കൂൾ തുറക്കൽ തകൃതിയായ ഒരുക്കങ്ങള്‍;900 സ്കൂളുകളിൽ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധന നടത്തി

Spread the love

കോട്ടയം: അധ്യയനവർഷാരംഭത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ജില്ലയിൽ ആകെയുള്ള 910 സ്കൂളുകളിൽ 844 എണ്ണവും തുറന്നു പ്രവർത്തിക്കാൻ സജ്ജമാണെന്ന് പരിശോധിച്ചുറപ്പിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

900 സ്കൂളുകളിൽ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധന നടത്തി. സ്കൂളുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും പരിശോധന നടത്തി. ബാക്കിയുള്ളവയുടെ പരിശോധന ശനിയാഴ്ച പൂർത്തിയാക്കും. കനത്ത മഴ മൂലവും ചില സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലുമാണ് മുഴുവൻ സ്കൂളുകളിലും പരിശോധന പൂർത്തിയാക്കാനാവാത്തത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുവദിച്ച ഫണ്ടുപയോഗിച്ചുള്ള അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. 26 സ്കൂളുകളിൽ തുടർന്നു വരുന്ന അറ്റകുറ്റപ്പണികളും രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.ടി.എ യുടെ നേതൃത്വത്തിലുള്ള ക്രമീകരണങ്ങളും നടന്നു വരുന്നു.പ്രശ്നരഹിതമായ രീതിയിൽ പുതിയ അധ്യയന വർഷത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
പുസ്തക വിതരണവും പൂർത്തിയായി വരുന്നു. 1506181 പുസ്തകങ്ങളാണ് ജില്ലയിൽ ആവശ്യമുള്ളത്. ഇതിൽ 1117461 പുസ്തകങ്ങൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. ബാക്കിയുള്ള 388720 പുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിനു മുൻപുതന്നെ വിതരണം ചെയ്യും.

സ്കൂൾ യൂണിഫോമുകളുടെ വിതരണവും അതത് സകൂളുകളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള അടുക്കള, പാത്രങ്ങൾ, മറ്റു സൗകര്യങ്ങൾ എന്നിവയുടെ പരിശോധനയും നടത്തി. സൂൾ പരിസരങ്ങൾ പി.ടി.എ.യുടെ സഹകരണത്തോടെ വെട്ടിത്തെളിച്ചു. സ്കൂൾ കെട്ടിടത്തിലെയും മതിലുകളിലെയും സുഷിരങ്ങൾ സിമൻ്റ് വെച്ച് അടച്ച് സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്.