
തിരുവനന്തപുരം: ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിന് മുൻപേ തന്നെ പാഠപുസ്തകങ്ങളും യൂണിഫോമുകളും ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ സ്‌കൂൾ തുറക്കുന്നതിന് മുൻപേ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത് പതിവാക്കിയ ഭരണമാണിതെന്നും മുഖ്യമന്ത്രി കുറിപ്പിൽ വ്യക്തമാക്കി. കുട്ടികൾക്ക് ആദ്യദിനം മുതൽ ആത്മവിശ്വാസത്തോടെ ക്ലാസുകളിലേക്ക് എത്താൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഏകദേശം 5,000 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും 55,000 ഹൈടെക് ക്ലാസ് മുറികളും 550 പുതിയ സ്കൂൾ കെട്ടിടങ്ങളും നിർമ്മിച്ചതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം 2026–27 അധ്യയന വർഷത്തേക്കുള്ള 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനകം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിൽ 51 ലക്ഷം പാഠപുസ്തകങ്ങൾ കെ.ബി.പി.എസ് വിവിധ ഹബ്ബുകളിലേക്ക് എത്തിച്ചിട്ടുണ്ടെന്നും കെ.ബി.പി.എസിൽ പ്രതിദിനം മൂന്ന് ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


