ഉച്ചകഞ്ഞിയിലും കൈയിട്ടു വാരി അധ്യാപകർ; സ്കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ വന്‍ ക്രമക്കേട്; കുറ്റക്കാരായ സഹോദരനെയും ഭാര്യയെയും ന്യായീകരിച്ച് മാനേജരുടെ കത്ത്
സ്വന്തം ലേഖകൻ
കൊടുമണ്‍: സ്കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ ക്രമക്കേട് നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തുകയും നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്ത അധ്യാപകരെ സംരക്ഷിക്കുന്ന തരത്തില്‍ സഹോദരന് കൂടിയായ മാനേജര്‍ എ.ഇ.ഓയ്ക്ക് കത്തു നല്കി.
അങ്ങാടിക്കല്‍ എസ്.എന്‍.വി.എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസിലെ മാനേജര്‍ രാജന് ഡി. ബോസാണ് കുറ്റക്കാരെ സംരക്ഷിക്കുന്ന തരത്തില്‍ കത്ത് നല്‍കിയത്. വിവരാവകാശ നിയമ പ്രകാരം സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി അംഗം സെനി രാജ് നല്കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് വഴിവിട്ട നീക്കം പുറത്തായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജന് ഡി. ബോസിന്റെ സഹോദരനായ രാജാ റാവു, റാവുവിന്റെ ഭാര്യയും സ്കൂള്‍ പ്രഥമാധ്യാപികയുമായ ദയാ രാജ്, സഹഅധ്യാപിക ടി.പി ജയ എന്നിവരാണ് ക്രമക്കേട് നടത്തിയതായി ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയത്. വൗച്ചറുകളും ബില്ലുകളും കൃത്രിമമായി നിര്‍മിച്ചതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കൈയോടെ പിടി വീണതോടെ ക്രമക്കേട് നടത്തിയതിന്റെ ഒരു ഭാഗം തിരികെ അടച്ചു.
മൂവരും മാപ്പപേക്ഷിച്ചുവെന്നും അതിനാല്‍ നടപടി ഒരു താക്കീതില്‍ ഒതുക്കിയെന്നും മാനേജര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്കിയ കത്ത് പുറത്തു വന്നതോടെ വിവാദം കൊഴുക്കുകയാണ്.
മാപ്പപേക്ഷയും തുടര്‍ നടപടികളും മാനേജ്മെന്റ് കമ്മറ്റി അറിഞ്ഞില്ല. സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി അറിയാതെയാണ് കുറ്റക്കാര്‍ക്കെതിരേ നടപടി എടുത്തത് എന്ന ആരോപണവുമായി കമ്മറ്റി അംഗം സെനിരാജ് രംഗത്തു വന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി സഹിതമാണ് സെനിരാജിന്റെ ആരോപണം. സി.പി.എമ്മിന്റെ നേതാക്കളും അധ്യാപക സംഘടനയുടെ സജീവ പ്രവര്‍ത്തകരുമായ രാജന് ഡി. ബോസും രാജാ റാവുവും നടപടി ഒഴിവാക്കാന്‍ വേണ്ടി വഴി വിട്ട നീക്കം നടത്തിയെങ്കിലും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ വിട്ടു വീഴ്ചയ്ക്ക് തയാറാകാതെ വന്നതോടെയാണ് പണം തിരികെ അടച്ചതും മാപ്പപേക്ഷയിന്മേല്‍ താക്കീത് നല്കി തലയൂരിയിരിക്കുന്നതുമെന്ന് സെനിരാജ് പറഞ്ഞു. 2018-19 കാലയളവില്‍ കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിയില്‍ ധനകാര്യ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്.
ബില്ലുകളും വൗച്ചറുകളും നിര്‍മിച്ചായിരുന്നു തട്ടിപ്പ്. സ്കൂളിന്റെ അടുത്തുള്ള സുപരിചിതമായ കടയുടെ പേരില്‍ വ്യാജ സീല്‍ നിര്‍മിച്ച് പതിച്ചും കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയും അരിയുടെ സ്റ്റോക്കില്‍ ഭീമമായ വ്യത്യാസം വരുത്തുകയും ചെയ്തതായി കണ്ടെത്തി. രാജാ റാവു, ദയാരാജ്, ടി.പി ജയ എന്നിവരാണ് തട്ടിപ്പ് നടത്തിയതെന്ന് പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രമക്കേട് കണ്ടു പിടിക്കപ്പെട്ടതോടെ കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു കൊണ്ട് നിരന്തരം ഉപജില്ലാ വിദ്യാഭാസ ഓഫീസില്‍ നിന്നും കത്തുകള്‍ എത്തിയത് സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയില്‍ നിന്ന് മറച്ചു പിടിക്കുകയാണ് മാനേജരായ രാജന് ഡി. ബോസ് ചെയ്തത്. തുടര്‍ന്ന് കമ്മറ്റി അറിയാതെ മാപ്പപേക്ഷ തയാറാക്കി അയയ്ക്കുകയും ചെയ്തു.
ധനകാര്യ പരിശോധനാ വിഭാഗം കുറ്റക്കാര്‍ക്കെതിരേ മൂന്നു നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ രണ്ടാമത്തെ ശുപാര്‍ശയില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസും ഒന്ന്, മൂന്ന് ശുപാര്‍ശകളില്‍ സ്കൂള്‍ മാനേജരുമാണ് നടപടിയെടുക്കേണ്ടിയിരുന്നത്. ഈ ആവശ്യമുന്നയിച്ച് അടൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് ആറു തവണ മാനേജര്‍ക്ക് കത്ത് അയച്ചിരുന്നു.
2020 ജൂലൈ ഒന്ന്, സെപ്റ്റംബര്‍ 7, ഒക്ടോബര്‍ 8, 2021 ഏപ്രില്‍ 30, ഓഗസ്റ്റ് 3, നവംബര്‍ 24 എന്നീ തീയതികളിലാണ് മാനേജര്‍ക്ക് കത്ത് അയച്ചത്. ഓരോ കത്തിലും അഞ്ച് ദിവസം വീതമാണ് സമയം അനുവദിച്ചിരുന്നത്. ഈ അന്ത്യശാസനമൊന്നും മാനേജര്‍മാരായി ഇരുന്നവര്‍ ഗൗനിച്ചതേയില്ല.
ഒടുവില്‍ ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് മാനേജരുടെ മറുപടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭിക്കുന്നത്. വിജിലന്‍സ് വിഭാഗം കൈയോടെ പിടികൂടിയ ക്രമക്കേട് ലഘൂകരിക്കുകയും കുറ്റക്കാരെ ന്യായീകരിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു മാനേജരുടെ മറുപടി.
വിജിലന്‍സിന്റെ ഒന്നാം നമ്പര്‍ ശുപാര്‍ശയ്ക്ക് രാജന് ഡി. ബോസ് നല്‍കിയിരിക്കുന്ന മറുപടി വിചിത്രമാണ്. അരിയുടെ സ്റ്റോക്കിലെ വ്യതിയാനം സംബന്ധിച്ച വിലയിരുത്തലില്‍ സ്കൂളില്‍ നിന്ന് നൂണ് ഫീഡിങ് സ്ട്രെങ്ത് പരിഷ്കരിച്ച് അംഗീകരിച്ചു നല്‍കുന്നതിന് കുട്ടികളുടെ പട്ടികയും അപേക്ഷയും നല്കിയിട്ടുള്ളതാണ്. എന്നാല്‍, ഇത് ബന്ധപ്പെട്ട ഓഫീസറില്‍ നിന്നും സമയബന്ധിതമായി അംഗീകാരം വാങ്ങി സൂക്ഷിച്ചിട്ടില്ല.
ഇക്കാര്യത്തില്‍ 2018-19 വര്‍ഷം ഉച്ചഭക്ഷണ പദ്ധതി ചുമതല വഹിച്ചിരുന്ന രാജാറാവു, ടി.പി ജയ എന്നിവര്‍ക്ക് കൃത്യ നിര്‍വഹണത്തിലും ടീച്ചര്‍ ഇന്‍ ചാര്‍ജായിരുന്ന ദയാ രാജിന് മേല്‍നോട്ട നിര്‍വഹണത്തിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള വിശദീകരണം നൂണ് മീല്‍ പരിശോധനാ ചുമതലയുള്ള ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതാണ്.
പരിശോധനാ ചുമതലയുള്ള ഉദ്യോഗസ്ഥന് ഈ കാലയളവില്‍ പരിശോധന നടത്തുകയോ നൂണ് ഫീഡിങ് സ്ട്രെങ്ത് അംഗീകരിച്ചു നല്‍കാനുള്ള അപേക്ഷയില്‍ ഉത്തരവ് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് മാനേജര്‍ വാദിക്കുന്നു.
അരിയുടെ സ്റ്റോക്കില്‍ വന്ന വ്യതിയാനം സമയ ബന്ധിതമായി ഉത്തരവുണ്ടാകാതിരുന്നതിനാലും ചുമതല വഹിച്ചവരുടെ ജാഗ്രതക്കുറവു മൂലവുമാണെന്ന് ബോധ്യപ്പെടുന്നു. അധികമായി കണ്ടെത്തിയ അരി തുടര്‍ന്നുള്ള പ്രവൃത്തി ദിവസങ്ങളില്‍ വിനിയോഗിച്ച് തീര്‍ത്തിട്ടുണ്ട്.
സ്കൂളിലെ ജീവനക്കാരുടേത് മാത്രമായ വീഴ്ചയായി സംഭവിച്ചതല്ലെങ്കില്‍ക്കൂടി 52,913 രൂപ ബന്ധപ്പെട്ടവര്‍ തിരിച്ചടച്ചതിന്റെ ചെല്ലാന്‍ ഹാജരാക്കിയിട്ടുണ്ട്. ഇത് മതിയായ ശിക്ഷാനടപടിയായി അംഗീകരിക്കുന്നു. തെറ്റ് മാപ്പാക്കണമെന്ന് ഡി. രാജാറാവു, ടി.പി ജയ, ദയാരാജ് എന്നിവരുടെ അപേക്ഷ പരിഗണിച്ചു കൊണ്ട് ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ജാഗ്രതയോടെ പ്രവര്‍ത്തിക്കാത്ത അധ്യാപകര്‍ക്ക് മേലില്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്കിയിട്ടുള്ളതായും മാനേജരുടെ മറുപടിയില്‍ പറയുന്നു.