സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പാളുന്നു, കടക്കെണിയിലായി അധ്യാപകർ; ആഴ്ചയില്‍ രണ്ടു പാലും ഒരു മുട്ടയും അഞ്ചു ദിവസം ഊണും നിർബന്ധമെന്ന് സർക്കാർ, അനുവദിക്കുന്നത് 6 രൂപയും 8രൂപയും, സാദാ ഊണിന് 80 രൂപ ഉള്ളപ്പോൾ സാമ്പാറും തോരനും അച്ചാറും കൂട്ടി എട്ടു രൂപയ്ക്ക് ചോറോ..? സർക്കാരിന് നിർബന്ധം മാത്രം പരി​ഗണനയില്ല

Spread the love

കോട്ടയം: ഒരു ചായയ്ക്ക് 12 രൂപയും മുട്ടയ്ക്ക് ആറ് രൂപയും വിലയുള്ള ഇക്കാലത്ത് ആഴ്ചയില്‍ രണ്ടു പാലും ഒരു മുട്ടയും അഞ്ചു ദിവസം ഊണും വിദ്യാര്‍സ്ഥികള്‍ക്ക് കൊടുക്കുന്നതില്‍ വീഴ്ച പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രധാന അധ്യാപകരെ കടബാധ്യതയിലാക്കി.

ഒന്‍പതു വര്‍ഷം മുമ്പ് നിശ്ചയിച്ച നിരക്കില്‍ നയാ പൈസയുടെ വര്‍ധന വരുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സാധനങ്ങളുടെ വില ഇതേകാലത്ത് പലമടങ്ങ് വര്‍ധിച്ചുകഴിഞ്ഞു. അഞ്ചാം ക്ലാസുവരെ ഒരു കുട്ടിക്ക് ആറു രൂപയും തുടര്‍ന്ന് എട്ടാം ക്ലാസ് വരെ എട്ടു രൂപയും നല്‍കിയാല്‍ ചോറും പാലും മുട്ടയും നല്‍കുക നടപ്പുള്ള കാര്യമല്ല.

ഹോട്ടലുകളില്‍ സാദാ ഊണിന് 80 രൂപ നിരക്കുള്ളപ്പോള്‍ സാമ്പാറും തോരനും അച്ചാറും കൂട്ടി എട്ടു രൂപയ്ക്ക് എങ്ങനെ ഊണു കൊടുക്കുമെന്നാണ് അധ്യാപകരുടെ ചോദ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരി ഒഴികെ മറ്റെല്ലാ വകയും അധ്യാപകര്‍ കണ്ടെത്തണം. പാചക തൊഴിലാളിക്ക് ദിവസം 600 രൂപ വേതനം.
സര്‍ക്കാര്‍ ഫണ്ട് വൈകുന്നതിനാല്‍ വേതനവും അധ്യാപകന്‍ നല്‍കണം.

പച്ചക്കറി, പലവ്യഞ്ജന വില കുതിച്ചുകയറിയ ഇക്കാലത്തും സര്‍ക്കാരിന് കുട്ടികളുടെ ക്ഷേമത്തില്‍ പരിഗണനയില്ല. പണം കിട്ടാന്‍ കാലതാമസം വരുന്നതിനാല്‍ പലവ്യഞ്ജനവും പച്ചക്കറിയും വ്യാപാരികള്‍ സ്‌കൂളുകള്‍ക്ക് കടം കൊടുക്കില്ല.

ഉച്ചഭക്ഷണ പദ്ധതിയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളിലെ തുക നവംബറിലാണ് അനുവദിച്ചത്. നവംബറിലെ തുക ജനുവരിയിലും ഡിസംബറിലേത് ഫെബ്രുവരിയിലുമാണ് ലഭിച്ചത്.

വിറകടുപ്പില്‍ പാകം ചെയ്യാന്‍ അനുവാദമില്ല. പാചകവാതക വില കൂടിയ സാഹചര്യത്തില്‍ ഗ്യാസ് അടുപ്പിലെ പാചകം ചെലവേറുന്നു. ഒരു കുട്ടിക്ക് ഏറ്റവും ചുരുങ്ങിയത് 20 രൂപ ചെലവു വരുന്നുണ്ട്. മുട്ടയും പാലും നല്‍കേണ്ട ദിവസങ്ങളില്‍ തുക പിന്നെയും കൂടും.