
സ്കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പ് ഇന്ന് കോഴിക്കോട്ടെത്തും; കലാമേളയ്ക്ക് സുരക്ഷയൊരുക്കാന്‍ രണ്ടായിരം പൊലീസുകാര്‍; നിരീക്ഷണം ശക്തമാക്കും
സ്വന്തം ലേഖിക
കോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സമ്മാനിക്കാനുള്ള സ്വര്‍ണ്ണകപ്പ് ഇന്ന് കോഴിക്കോട് എത്തും.
ഉച്ചയ്ക്ക് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കും. കലോത്സവത്തില്‍ പങ്കെടുക്കുന്ന ജില്ലാ ടീമുകളില്‍ ആദ്യം സംഘം ഉച്ചയോടെ കോഴിക്കോട്ടെത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തു മണിക്ക് രജിസ്ട്രേഷന്‍ തുടങ്ങും. റോഡ് ഷോ, വിളംബര ജാഥ എന്നിവയും ഇന്ന് നടക്കും.
അതേസമയം സ്കൂള്‍ കലോത്സവത്തിനെത്തുന്ന കുട്ടികളെ ലക്ഷ്യംവെച്ചുള്ള ലഹരി മാഫിയകളുടെ പ്രവര്‍ത്തനത്തിന് തടയിടാന്‍ കോഴിക്കോട് സിറ്റി പൊലീസ്. പൂര്‍ണ്ണസമയ നിരീക്ഷണം ഉള്‍പ്പെടെ നഗരത്തെ സുരക്ഷിത ഇടമാക്കി മാറ്റാനുള്ള നടപടികള്‍ക്ക് തുടക്കമായി.
രണ്ടായിരം പൊലീസുകാരെയാണ് പ്രത്യേകമായി നിയോഗിക്കുന്നത്.
15 ഡിവൈഎസ്പിമാര്‍, 30 സിഐമാര്‍ , സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍. ഇവര്‍ക്ക് പുറമെ ലഹരിവേട്ടയില്‍ പരിശീലനം നേടിയ ഡാന്‍സാഫ് ടീം.
സ്കൂള്‍ കലോത്സവം സുരക്ഷിതമായി ആസ്വദിക്കാന്‍ നഗര പൊലീസിന്‍റെ കാവല്‍ റെഡിയായി കഴിഞ്ഞു. കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ഇടങ്ങള്‍ പൂര്‍ണ്ണമായും സിസിടിവി നിരക്ഷീണിലാക്കാനാണ് പൊലീസിൻ്റെ തീരുമാനം.
വേദികള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ക്യൂ ആര്‍ കോഡ് സംവിധാനം സൈബര്‍ പൊലീസ് വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ കലോത്സവ വേദികള്‍ക്ക് മുന്നിലെ റോഡുകളില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ബീച്ചിലും പ്രധാന ഗ്രൗണ്ടുകളിലും മാത്രമാണ് പാര്‍ക്കിംഗ് അനുവദിക്കുക.
പൊതുവേ ഗതാഗത കുരുക്കില്‍ വലയുന്ന നഗരത്തില്‍ ട്രാഫിക് നിയന്ത്രണം പൊലീസിന് വെല്ലുവിളിയാണ്.