സ്വന്തം ലേഖിക.
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളില്‍ ഡ്രോണ്‍ പറത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. കലോത്സവ സംഘാടനത്തിന്‍റെ അവസാന ഒരുക്കം പൂര്‍ത്തിയായിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൃത്യസമയത്തുതന്നെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന സ്വഭാവത്തിലാണ് മത്സരങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. മൂന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും വേദിയില്‍ ഹാജരാകാതിരുന്നാല്‍ മത്സരാര്‍ഥികളെ അയോഗ്യരാക്കും. ആദ്യ നമ്ബറുകാരായി മത്സരിക്കാൻ പലരും മടികാട്ടുകയും മാറിനില്‍ക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതു മത്സര ഷെഡ്യൂളിനെ ബാധിക്കുന്നതിനാലാണ് നമ്പര്‍ വിളിക്കുമ്പോൾ തന്നെ വേദിയില്‍ എത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയത്. ഇതുവരെ പതിനായിരത്തോളം മത്സരാര്‍ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
കലോത്സവം പൂര്‍ണമായും മാലിന്യമുക്തമായി നടത്തുന്നതിന് മുന്നോടിയായുള്ള ക്ലീൻ ഡ്രൈവും ഹരിത വിളംബര ജാഥയും കൊല്ലത്ത് നടന്നു. 1500 വളന്‍റിയര്‍മാരും സ്കൂള്‍ വിദ്യാര്‍ഥികളും പങ്കെടുത്തു. സ്വകാര്യ ഓഡിറ്റോറിയങ്ങള്‍ ഒഴികെയുള്ള വേദികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരുകയാണ്. തിങ്കളാഴ്ച അവ പൂര്‍ത്തീകരിച്ച് സംഘാടക സമിതിക്ക് കൈമാറും.
60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലാണ് പ്രധാനവേദിയായ ആശ്രാമം മൈതാനത്ത് ഒരുങ്ങുന്നത്. 12,000 പേര്‍ക്ക് ഇരിക്കാവുന്നതാണ് പന്തല്‍. പ്രോഗ്രാം കമ്മിറ്റി ഓഫിസ് ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ്, പൊതുവിദ്യാഭ്യാസ വകുപ്പ്ഡയറക്ടര്‍ എസ്. ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.