ഉച്ചഭക്ഷണ പദ്ധതിയില്‍ കേന്ദ്ര സാമ്പത്തിക വിഹിതം ലഭിച്ചില്ല ; സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ വേതനത്തിലും സര്‍ക്കാര്‍ കൈയിട്ടുവാരല്‍ ; പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങളും വാഗ്ദാനങ്ങളില്‍ ഒതുങ്ങി ; കടുത്ത പ്രതിസന്ധിയിൽ പാചകത്തൊഴിലാളികൾ

Spread the love

കോട്ടയം: സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ വേതനത്തിലും സര്‍ക്കാര്‍ കൈയിട്ടുവാരല്‍. വാര്‍ഷിക പരീക്ഷയോടെ ഈ മാസം സ്‌കൂളുകള്‍ അടയ്ക്കാനിരിക്കെ ജനുവരി മുതല്‍ മൂന്നു മാസമായി നയാ പൈസ ഇവര്‍ക്ക് വേതനം നല്‍കിയിട്ടില്ല.

ഏറെ സ്‌കൂളുകളിലും പ്രധാന അധ്യാപകര്‍ അവരുടെ ശമ്പളത്തില്‍നിന്ന് തൊഴിലാളികള്‍ക്ക് ചെലവുകാശ് നല്‍കുകയാണ്. അധ്യയന ദിവസങ്ങളുടെ പരമാവധി എണ്ണം കണക്കാക്കിയാല്‍ ദിവസം 600 രൂപ വീതം പതിമൂവായിരം രൂപയാണ് വേതനം ലഭിക്കുക. ഉച്ചഭക്ഷണ പദ്ധതിയില്‍ കേന്ദ്ര സാമ്പത്തിക വിഹിതം ലഭിച്ചില്ലെന്നതിന്‍റെ പേരില്‍ ആയിരം രൂപ സംസ്ഥാന സര്‍ക്കാര്‍ വേതനത്തില്‍നിന്ന് വെട്ടിക്കുറയ്ക്കുകയും ചെയ്തു.

500 കുട്ടികള്‍ക്കുവരെ ഒരു പാചകത്തൊഴിലാളി എന്നതാണ് കണക്ക്. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ഭക്ഷണമൊരുക്കാന്‍ സഹായികള്‍ ആവശ്യമായി വരും. എന്നാല്‍ സഹായികളുടെ കൂലി ബാധ്യത സര്‍ക്കാരും സ്‌കൂളും ഏറ്റെടുക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ പ്രതിഫലം തൊഴിലാളികള്‍ തുശ്ച വരുമാനത്തില്‍നിന്ന് നല്‍കേണ്ടിവരും. ഉച്ചഭക്ഷണപദ്ധതി തുടങ്ങിയ ഘട്ടത്തില്‍ കഞ്ഞിയും ഒരു കറിയും മാത്രം പാചകം ചെയ്താല്‍ മതിയായിരുന്നു. നിലവില്‍ ചോറും രണ്ടോ മൂന്നോ കറികളും ഒരുക്കണം. അതിരാവിലെ സ്‌കൂളിലെത്തിയാല്‍ പലപ്പോഴും വൈകുന്നേരത്തോടെയാണ് മടക്കം.

ദീര്‍ഘകാലം ജോലി ചെയ്ത് വിരമിക്കുമ്ബാള്‍ ഇവര്‍ക്ക് ഇതര ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. 2017ല്‍ പാചക തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതുവരെ നടപ്പായിട്ടില്ല. പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങളും വാഗ്ദാനങ്ങളില്‍ ഒതുങ്ങി.

ജൂണില്‍ സ്‌കൂള്‍ തുറക്കലിന് മുന്‍പ് പാചകത്തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ടിബി ഉള്‍പ്പെടെ വിപുലമായ പരിശോധനകള്‍ക്കുശേഷമാണ് സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് നേടേണ്ടത്. ഏറെയിടങ്ങളിലും പരിശോധനകള്‍ക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കണം. ഇത്തരത്തില്‍ കടുത്ത പ്രതിസന്ധികളാണ് പാചകത്തൊഴിലാളികള്‍ നേരിടുന്നത്.