ഉത്തരേന്ത്യന്‍ മോഡലുകള്‍ കേരളത്തിൽ നടപ്പാക്കാന്‍ അനുവദിക്കില്ല; ചില സ്കൂളുകൾ ക്രിസ്മസ് ആഘോഷം പിൻവലിച്ച നടപടി ഗൗരവകരമെന്ന് മന്ത്രി വി. ശിവൻകുട്ടി

Spread the love

തിരുവനന്തപുരം: ചില സ്വകാര്യ സ്കൂൾ മാനേജ്മെന്‍റുകൾ ക്രിസ്മസ് ആഘോഷം പിൻവലിച്ച നീക്കം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതും ആഘോഷങ്ങൾക്കായി പിരിച്ചെടുത്ത പണം തിരികെ നൽകുകയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. രേഖാമൂലവും അല്ലാതെയും രക്ഷാകര്‍ത്താക്കള്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അടിയന്തരമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

video
play-sharp-fill

കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു കാര്യം കേട്ടുകേള്‍വിയില്ലാത്തതാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യനെ വിഭജിക്കുന്ന ഉത്തരേന്ത്യന്‍ മോഡലുകള്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒരുപോലെ ആഘോഷിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുന്നത് ഇത്തരം ഒത്തുചേരലുകളില്‍ നിന്നാണ്. ക്രിസ്മസ് ആഘോഷത്തിന് കുട്ടികള്‍ നിന്ന് പണം പിരിച്ച ശേഷം പരിപാടി വേണ്ടെന്ന് വയ്ക്കുന്നത് കുട്ടികളോടുള്ള ക്രൂരമായ നടപടിയാണ്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവിദ്യാലയങ്ങള്‍ക്കും ബാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എയ്ഡഡ് സ്‌കൂളായാലും അണ്‍ എയ്ഡഡ് സ്‌കൂളായാലും പ്രവര്‍ത്തിക്കുന്നത് ഈ രാജ്യത്തെ നിയമത്തിനനുസരിച്ചും വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും അനുസരിച്ചാണ്. സങ്കുചിത രാഷ്ട്രീയ വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇടമായി വിദ്യാലയത്തെ മാറ്റിയാല്‍ കര്‍ശനനടപടിയെടുക്കും. എതെങ്കിലും ഒരു മതത്തിന്റെ ആഘോഷത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് വിവേചനമാണ്. ഇത്തരം വിവേചനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല. കുട്ടികളെ കുട്ടികളായി കാണമെന്നും അവരെ വര്‍ഗീയതയുടെ കളളികളില്‍ ഒതുക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.