
ആലപ്പുഴയിലും കണ്ണൂരിലും സ്കൂൾ ബസ് മറിഞ്ഞ് അപകടം: ബസ്സിലുണ്ടായിരുന്ന 31 വിദ്യാർത്ഥികളും രക്ഷപ്പെട്ടു, കൊല്ലത്ത് സ്കൂൾ ബസിൽ പുക, ഷോട്ട് സർക്യൂട്ട് എന്ന് സംശയം
തിരുവനന്തപുരം: കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. രണ്ട് ബസുകളിലുമായി 31 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. വിദ്യാർത്ഥികള്‍ക്കാർക്കും സാരമായ പരിക്കേറ്റിട്ടില്ല.
ആലപ്പുഴയില്‍ വിദ്യാർത്ഥികളുമായി പോയ സ്കൂള്‍ ബസ് പാടത്തേക്കാണ് മറിഞ്ഞത്. കോടുകുളഞ്ഞി ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠം സ്കൂള്‍ ബസാണ് അപകടത്തില്‍ പെട്ടത്. 25 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ ഉണ്ടായിരുന്നു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെയാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
കണ്ണൂരില്‍ സ്കൂള്‍ വാഹനം റോഡരികിലെ കുഴിയിലേക്കാണ് മറിഞ്ഞത്. പഴശ്ശി ബഡ്സ് സ്കൂളിലെ വാഹനമാണ് കാറിന് സൈഡ് കൊടുക്കുന്നതിനിടെ അപകടത്തില്‍പെട്ടത്. വാഹനത്തില്‍ ആറ് വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ആർക്കും സാരമായി പരിക്കേറ്റിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം പരവൂരില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസില്‍ നിന്നും പുക ഉയർന്നു. മീയണ്ണൂർ ഡല്‍ഹി പബ്ളിക് സ്കൂളിന്റെ ബസിലാണ് പുക ഉയർന്നത്. അപകട സമയത്ത് 31 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. പുക കണ്ടതോടെ ഡ്രൈവർ ബസ് നിർത്തി കുട്ടികളെ നാട്ടുകാരുടെ സഹായത്തോടെ പുറത്തിറക്കി. ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സംശയം.