സ്‌കൂൾ ബസിന്റെ ഗിയർ വിദ്യാർത്ഥി തട്ടി മാറ്റി, നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചു നിന്നു : ഏഴ് വിദ്യാർത്ഥികൾക്ക് പരിക്ക് : വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകൻ
ഇടുക്കി: നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസിന്റെ ഗിയർ വിദ്യാർഥി തട്ടി മാറ്റി. നിയന്ത്രണം വിട്ട ബസ് ഇടിച്ചു നിന്നു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ബസിലുണ്ടായിരുന്ന വിദ്യാർഥികളും വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളുമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ചൊവാഴ്ച വൈകിട്ട് നാലിനാണ് സംഭവം. എസ്റ്റേറ്റ് പൂപ്പാറയിൽ ഉള്ള ശാന്തൻപാറ പഞ്ചായത്ത് എൽപി സ്‌കൂളിന്റെ മിനി ബസ് ആണ് അപകടത്തിൽ പെട്ടത്.
സ്‌കൂളിന്റെ പ്രവേശനകവാടത്തിനു സമീപം ബസ് നിർത്തിയ ശേഷം ഡ്രൈവർ ജയകുമാർ ഓഫിസിലേക്കു കയറിയ ഉടനെയാണ് വിദ്യാർത്ഥികളിൽ ഒരാൾ ഗിയർ തട്ടിമാറ്റിയത്. 10 വിദ്യാർഥികൾ ബസിലുണ്ടായിരുന്നു. റോഡിന്റെ എതിർ വശത്തുള്ള ഐക്കാട്ട് ഹനീഫയുടെ വീടിനു നേരെയാണ് ബസ് നീങ്ങിയത്. ഹനീഫയുടെ കൊച്ചുമക്കളായ സാമ (6), അൽ അമീൻ (4) എന്നിവർ ഈ സമയം വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വീടിന്റെ വാതിൽക്കൽ നിന്ന ഹനീഫ ബസ് വീടിന്റെ മുത്തേക്ക് വരുന്നത് കണ്ടു കൊച്ചുമക്കളെയും എടുത്ത് ഓടിമാറി. വീടിന്റെ ഭിത്തിയിൽ ഇടിച്ചാണ് ബസ് നിന്നത്. ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. വീടിന്റെ ഭിത്തിക്കു വിള്ളൽ വീണു. ബസിൽ ഉണ്ടായിരുന്ന ഏഴ് വിദ്യാർഥികൾക്കു നിസ്സാര പരുക്കുകളേറ്റു.