സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കാൻ സ്‌കൂട്ടറിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ചത് ഒന്നരകിലോ കഞ്ചാവ്: 21 കാരൻ കുടുങ്ങിയത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിൽ; ക്ഞ്ചാവ് വലിച്ച് തുടങ്ങിയ ആകാശ് വിൽപ്പനക്കാരനായത് ലാഭം മാത്രം നോക്കി
ക്രൈം ഡെസ്‌ക്
അതിരമ്പുഴ: കഞ്ചാവിന്റെ പിടിയിൽ കുടുങ്ങിയ അതിരമ്പുഴയെയും പരിസരത്തെയും കുട്ടികളെ രക്ഷിക്കാൻ ശക്തമായ ഓപ്പറേഷനുമായി ജില്ലാ പൊലീസ് രംഗത്ത്. ഏറ്റുമാനൂർ പൊലീസിന്റെ നേതൃത്വത്തില് ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ സഹായത്തോടെയാണ് ലഹരിവിമോചനത്തിനായി മിന്നൽ പരിശോധനകൾ നടത്തുന്നത്. ലഹരി വിമോചനം ലക്ഷ്യമിട്ട് വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കാൻ സ്‌കൂട്ടറിന്റെ ഡാ്ഷ് ബോർഡിൽ ഒളിപ്പിച്ച് കടത്തിയ ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം കൈമൂലയിൽ സജീവ് സദനത്തിൽ ആകാശ് (21)നെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഏറ്റുമാനൂരിലെയും പരിസരത്തെയും പ്രധാന കഞ്ചാവ് കച്ചവടക്കാരിൽ ഒരാളായിരുന്നു ആകാശെന്ന് പൊലീസ് പറഞ്ഞു.
പ്രദേശത്ത്് കഞ്ചാവ് എത്തിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തിരുന്നത് ഒരു യുവാവാണെന്ന് കഞ്ചാവ് ഉപയോഗിച്ചതിനു പിടിയിലായ വിദ്യാർത്ഥികളിൽ നിന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പ്രദേശത്തെ കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളെ കേന്ദ്രീകരിച്ച് പൊലീസ് സംഘം ദിവസങ്ങളായി അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ആകാശിനെപ്പറ്റി കൃത്യമായി വിവരം ലഭിച്ചത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, ഡിവൈഎസ്പി ആർ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ വിദ്യാർത്ഥി കഞ്ചാവ് വിൽപ്പനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും, ഇവരെ നിരീക്ഷിക്കുകയുമായിരുന്നു. ഇതിനിടെയാണ് ആകാശ് തമിഴ്‌നാട്ടിലേയ്ക്ക് പോയിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ആകാശിന്റെ ഓരോ നീക്കങ്ങളും പൊലീസ് സംഘം കൃത്യമായി പിൻതുടർന്നു.
വെള്ളിയാഴ്ച ഉച്ചയോടെ ഏറ്റുമാനൂർ കട്ടത്തിമറ്റം റോഡിലൂടെ ആക്ടീവയിൽ ആകാശ് വരുന്നതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചു. തുടർന്ന് ഏറ്റുമാനൂർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗൂണ്ടാ സ്‌ക്വാഡ് എസ്.ഐ ടി.എസ് റെനീഷ്, ഏറ്റുമാനൂർ എസ്.ഐ കെ.ആർ പ്രശാന്ത്കുമാർ, എസ്.ഐ ജയരാജ്, എ.എസ്.ഐ ഷിബുക്കുട്ടൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജേക്കബ്, പ്രമോദ്, ജോബി, മനോജ്, ജീമോൻ, എസ് പി യുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സി പി ഒ ജയകുമാർ , പ്രതീഷ് രാജ് , ആന്റണി സെബാസ്റ്റ്യൻ എന്നിവർ വിവിധ സ്ഥലങ്ങളിലായി കാത്തു നിന്നു. യൂണിഫോമിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ച ആകാശിന്റെ വാഹനത്തെ മഫ്തിയിൽ വിവിധ സംഘങ്ങളായി നിന്നിരുന്ന പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാളുടെ സ്‌കൂട്ടറിന്റെ സീറ്റിന്റെ അടിയിലെ ഡാഷ് ബോർഡിൽ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
സ്‌കൂൾ കാലം മുതൽ കഞ്ചാവ് വലിച്ചു തുടങ്ങിയ പ്രതി, ലാഭത്തിനു വേണ്ടിയാണ് കഞ്ചാവ് വിൽപനയിലേയക്ക് തിരിഞ്ഞത്. നേരത്തെ ഏറ്റുമാനൂർ പ്രദേശത്തെ മൊത്തക്കച്ചവടക്കാരിൽ നിന്നും വാങ്ങി കഞ്ചാവ് വിറ്റിരുന്നു. കൂടുതൽ ലാഭം ലക്ഷ്യമിട്ടാണ് സേലത്തു നിന്നും നേരിട്ട് കഞ്ചാവ് വാങ്ങി വിൽപ്പന നടത്തുന്നത്. പതിനായിരം രൂപ മുടക്കിയാൽ ഇവിടെ നിന്നും ഒരു കിലോ കഞ്ചാവ് ലഭിക്കും. ഈ കഞ്ചാവ് ഇവിടെ എത്തിച്ച് ചെറു പൊതികളാക്കി അഞ്ഞൂറ് രൂപയ്ക്ക് വരെയാണ് വിൽക്കുന്നത്. ഒന്നോ രണ്ടോ ഗ്രാം കഞ്ചാവ് മാത്രമാണ് ഈ പൊതികളിൽ ഉണ്ടാകുക. ഇത് വഴി വൻ ലാഭമാണ് ഇയാൾക്ക് ലഭിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.