
ന്യൂഡൽഹി: വിദ്യാർത്ഥികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി അഫിലിയേറ്റഡ് സ്‌കൂളുകളിലും പരിസരത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും ഓഡിയോ വിഷ്വല്‍ റെക്കോർഡിങ്ങുള്ള ഉയർന്ന റെസല്യൂഷനുള്ള സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ) നിർദേശം നല്‍കി.
സ്‌കൂളിലും പരിസരങ്ങളിലും സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദേശം. വഴികള്‍, ഇടനാഴികള്‍, ലോബികള്‍, പടിക്കെട്ടുകള്‍, ക്ലാസ്മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍, കാന്റീൻ, സ്റ്റോർമുറി, മൈതാനം, മറ്റു പൊതുവിടങ്ങള്‍ എന്നിവിടങ്ങളിലാണ് കാമറകള്‍ സ്ഥാപിക്കേണ്ടത്. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ കുറഞ്ഞത് 15 ദിവസത്തേക്ക് സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോള്‍ അധികാരികള്‍ക്ക് ലഭ്യമാക്കുകയും ചെയ്യണം.
വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ ബോർഡിന്റെ അറിയിപ്പില്‍ പറയുന്നു. 2021 സെപ്റ്റംബറില്‍ പുറത്തിറക്കിയ നാഷണല്‍ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈല്‍ഡ് റൈറ്റ്സി(NCPCR)ന്റെ സ്കൂളുകളിലെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച മാനുവല്‍ അനുസരിച്ചാണ് ഈ നീക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.ബി.എസ്.ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്കൂളുകളും തത്സമയ ഓഡിയോവിഷ്വല്‍ മോണിറ്ററിങ് ശേഷിയുള്ള സി.സി.ടി.വി സംവിധാനങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്. അഫിലിയേഷൻ തുടരാൻ സ്‌കൂളുകള്‍ ഈ നിർദേശം പാലിച്ചിരിക്കണമെന്നും നിർദേശത്തില്‍ പറയുന്നുണ്ട്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോ സ്കൂളിന്റെയും പ്രാഥമിക ഉത്തരവാദിത്തമാണെന്ന് സി.ബി.എസ്.ഇ ആവർത്തിച്ചു.