
കോട്ടയം: ജില്ലയിലെ സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന ജൂലൈ 25 മുതൽ 31 വരെ നടത്താൻ തീരുമാനം. ഏഴ് പേർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം മേൽനോട്ടം വഹിക്കും.
ഡി.ഡി, ആർ.ഡി.ഡി, എ.ഡി, ഡി.ഇ.ഒ, എ.ഇ.ഒ, വിദ്യാകിരണം കോ-ഓർഡിനേറ്റർ, ബി.ആർ.സി ഉദ്യോഗസ്ഥൻ, ഡയറ്റ് പ്രിൻസിപ്പൽ എന്നിവരെ ഉൾപ്പെടുത്തി രൂപീകരിച്ച സംഘമാണ് സുരക്ഷാ പരിശോധനയ്ക്കു നേതൃത്വം നൽകുന്നത്. പരിശോധനയിൽ അപകടസാധ്യതയുള്ള കെട്ടിടങ്ങൾ കണ്ടെത്തിയാൽ, കുട്ടികളെ ഉടനെ തന്നെ പഠനത്തിന് അനുയോജ്യമായ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റും.
സ്‌കൂളുകളില്‍ അടിയന്തര ഓഡിറ്റ് നടത്തണമെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളുകളിലേക്ക് 13 ചോദ്യാവലി അടങ്ങിയ കത്ത് നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നും നിരവധി സ്‌കൂളുകളിൽ പഴക്കം ചെന്ന കെട്ടിടങ്ങൾ നിലനിൽക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി കപ്പാട് ഗവ. ഹൈസ്‌കൂളിലെ ഫിറ്റ്‌നസ് നഷ്ടപ്പെട്ട കെട്ടിടം വിദ്യാർത്ഥികളുടെ സുരക്ഷക്ക് ഭീഷണിയാണ്. അതേസമയം, കാഞ്ഞിരപ്പള്ളി പേട്ട ഗവ ഹൈസ്‌കൂളിന്റെയും, ബി.എഡ് കോളേജിന്റെയും വളപ്പില്‍ മൂർഖൻ പാമ്ബിനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. കാഞ്ഞിരപ്പള്ളിയിലെ തകർന്ന സ്റ്റേഡിയത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റാത്തതിനാല്‍ സ്‌കൂള്‍ പരിസരത്തെ സ്റ്റേഡിയ പരിസരം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്.