തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പല തയ്യൽ കടകളിലും വൻ തിരക്ക് അനുഭവപ്പെടുകയാണ്. യൂണിഫോം ഓർഡറുകൾ വലിയതോതിൽ വന്നതോടെ രാവും പകലും തുന്നിയിട്ടും തീർക്കാൻ കഴിയാതെ വിഷമിക്കുകയാണ് പല തയ്യല്‍ക്കാരും.
സ്കൂള്‍ തുറക്കുന്ന സമയം തയ്യൽക്കാർക്ക് പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ഏക പോംവഴിയാണ്. അതുകൊണ്ടുതന്നെ ഉറക്കമിളച്ചും ജോലിയില്‍ മുഴുകുന്നവരേറെയാണ്. ദിനംപ്രതി നിരവധി രക്ഷകർത്താക്കളും കുട്ടികളുമാണ് യൂണിഫോം തുണിയുമായി തയ്യൽ കടകളിൽ എത്തുന്നത്.
ഓരോ കുട്ടിയ്ക്കും കുറഞ്ഞത് രണ്ട് സെറ്റ് യൂണിഫോം എങ്കിലും ആവശ്യമാണ്. കൂടാതെ യൂണിഫോം ഡിസൈൻ ഓരോ സ്‌കൂളിനും വ്യത്യസ്തമാണെന്നതിനാല്‍ റെഡിമെയ്ഡ് വസ്ത്രങ്ങൾ വാങ്ങാനുള്ള സാധ്യതയും കുറവാണ്. അതുകൊണ്ടുതന്നെ തുണി കടയില്‍ നിന്ന് വാങ്ങി തയ്യല്‍ക്കാരെ ഏല്‍പ്പിക്കുകയാണ് മാതാപിതാക്കള്‍.
യൂണിഫോം തയ്ച്ചുകൊടുക്കുമെന്ന പ്രത്യേക ബോർഡ് തൂക്കി മറ്റ് തയ്യല്‍ ജോലികള്‍ തത്കാലത്തേക്ക് നിറുത്തി വച്ചവരുമുണ്ട്. എന്നാൽ സ്വകാര്യ സ്കൂളുകളാവട്ടെ, മൊത്തമായി തുണി വാങ്ങി കുട്ടികളുടെ അളവെടുത്ത ശേഷം ഏതെങ്കിലും ഒരു തയ്യല്‍ക്കാരനെ ഏലപ്പിക്കുന്നു. ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന ഒന്നിലേറെ സ്‌കൂളുകളുടെ കരാർ എടുത്ത തയ്യൽക്കാരും നിലവിലുണ്ട്. ദിവസക്കൂലിക്കാരെ ഉപയോഗിച്ച് നിശ്ചിത സമയത്തിനുള്ളിൽ ജോലി തീർക്കാൻ ശ്രമിക്കുകയാണിവർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ യൂണിഫോമിന് ഓർഡർ നല്‍കിയ പലർക്കും ജൂണ്‍ പകുതിയോടെ മാത്രമേ യൂണിഫോം തയ്ച്ചു കിട്ടുകയുള്ളൂ.
ഈ വർഷം യൂണിഫോം തുണികള്‍ക്ക് 15 ശതമാനത്തിന് മുകളിൽ വില വർധിച്ചതോടെ തയ്യല്‍ക്കൂലിയും വർദ്ധിച്ചിട്ടുണ്ട്.