
ഒരു സ്കൂളിലെ 210 പേർക്ക് പനി: കൂട്ടപ്പനിയിൽ വിറച്ച് കോഴിക്കോട് മുക്കം സ്കൂൾ; അഞ്ചു പേർക്ക് എച്ച്.വൺ എൻ വൺ സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ
കോഴിക്കോട്: നിപ്പയ്ക്ക് പിന്നാലെ കോഴിക്കോട് വീണ്ടും പകർച്ച വ്യാധി ഭീഷണിയിൽ. കോഴിക്കോട് മുക്കത്താണ് വീണ്ടും എച്ച്.എൻ എൻ വൺ കണ്ടെത്തിയത്. ഒരു സ്കുളിലെ അഞ്ചു കുട്ടികൾക്ക് എച്ച്.വൺ എൻവൺ സ്ഥിരീകരിക്കുകയും 241 പേർക്ക് പനി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
മുക്കം ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1 എന്‍1 പനി കണ്ടെത്തിയത് മേഖലയില്‍ ഭീതി പടര്‍ത്തുന്നു. കുട്ടികളും അദ്ധ്യാപകരും അടക്കം ഒരു സ്‌കൂളിലെ 210 പേരാണ് ആശുപത്രിയില്‍ ഉള്ളത്. വെള്ളിയാഴ്ച ഒരു ക്ലാസില്‍ പന്ത്രണ്ട് കുട്ടികള്‍ എത്താതിരുന്നത് ശ്രദ്ധയില്‍ പെട്ട അദ്ധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് സ്‌കൂളില്‍ 42 കുട്ടികള്‍ ലീവിലാണെന്ന് അറിഞ്ഞത്. പതിമൂന്ന് അദ്ധ്യാപകരും ആ ദിവസം സ്‌കൂളില്‍ എത്തിയിരുന്നില്ല. അടുത്ത ദിവസം കൂടുതല്‍ കുട്ടികള്‍ അവധിയിലായതോടെ സ്‌കൂള്‍ അധികൃതര്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാവര്‍ക്കും ഒരേ പോലെ കടുത്ത പനിയും തലവേദനയുമായിരുന്നു അനുഭവപ്പെട്ടിരുന്നത്.
ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി കിണറും വെള്ളവും ഭക്ഷണവുമെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും കാരണം വ്യക്തമായില്ല. തുടര്‍ന്നാണ് ഏഴുപേരുടെ സ്രവ സാസിളുകള്‍ മണിപ്പൂര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കയച്ചത്. ഇതില്‍ അഞ്ചു പേര്‍ക്കും എച്ച് വണ്‍ എന്‍ വണ്‍ ആണെന്ന് പരിശോധനയില്‍ വ്യക്തമാവുകയായിരുന്നു. ഒരു അദ്ധ്യാപികയ്ക്കും നാലു വിദ്യാര്‍ത്ഥികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വൈറല്‍ പനിക്കുള്ള മരുന്നായിരുന്നു ഇതുവരെ നല്‍കിയിരുന്നത്. രോഗം വ്യക്തമായ സാഹചര്യത്തില്‍ എച്ച് വണ്‍ എന്‍ വണിനുള്ള മരുന്ന് നല്‍കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
ഹയര്‍ സെക്കണ്ടറി സ്‌കൂളിനടുത്തു തന്നെയുള്ള ആനയാംകുന്ന് ഗവ. എല്‍. പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പനി ബാധിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. ഈ സ്‌കൂളിനും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. പനി പടരുന്നതിനിടെ ആരോഗ്യ വകുപ്പും കാരശ്ശേരി പഞ്ചായത്തും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. ഭീതി വേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഡീഷണല്‍ ഡി എം ഒ ആശാദേവി, പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സജ്ന എന്നിവര്‍ പരിശോധന നടത്തി. രാവിലെ 10. 30 ഓടെ തേക്കുംകുറ്റി പി എച്ച് സി യിലെത്തിയ അഡീഷണല്‍ ഡി എം ഒ വിവരങ്ങള്‍ ശേഖരിച്ച. പനിക്ക് ചികാത്സ തേടിയെത്തിയവരില്‍ നിന്നും വിവരം ചോദിച്ചറിഞ്ഞു. ആനയാംകുന്ന് ഹയര്‍ സെക്കന്ററി സ്‌കൂളിലെത്തിയ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം അദ്ധ്യാപകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഭയപ്പെടേണ്ടതില്ലെന്നും പനിയോ രോഗലക്ഷണമൊ ഉള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്നും കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ്പറഞ്ഞു. പനി പടരുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ മുതല്‍ സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പു നടത്തുന്നുണ്ട്. വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. സ്‌കൂളിന് വ്യാഴവും വെള്ളിയും അവധി പ്രഖ്യാപിച്ചു.
അതേ സമയം എസ്‌എസ്‌എല്‍സി പരീക്ഷ അടുത്ത സമയത്ത് ഇത്രയധികം കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒന്നിച്ച് പനി വന്നതില്‍ രക്ഷിതാക്കളും അദ്ധ്യാപകരും പി ടി എ കമ്മറ്റിയും ആശങ്കയിലാണ്. പത്താം തിയ്യതി സ്‌കൂളില്‍ വിളിച്ചു ചേര്‍ത്ത പിടിഎ കമ്മറ്റിയും മാറ്റി വെച്ചിട്ടുണ്ട്. എഴുദിവസം മുതല്‍ പത്തുദിവസം വരെ വിശ്രമമാണ് ഈ രോഗത്തിന് വേണ്ടതെന്നും ഇത് പുര്‍ണ്ണമായും ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയുമെന്നും മെഡിക്കല്‍ വിദഗ്ദ്ധര്‍ അറിയിച്ചു.
ഗര്‍ഭിണികള്‍, ശ്വാസകോശ സംബന്ധ അസുഖങ്ങളുള്ളവര്‍, കരള്‍, വൃക്ക, തലച്ചോര്‍ സംബന്ധ അസുഖമുള്ളവര്‍, പ്രമേഹബാധിതര്‍, ശരീരഭാരം കൂടുതലുള്ളവര്‍, രക്താതിമര്‍ദം ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് എച്ച്1എന്‍1 മരണകാരണമായേക്കാം. എച്ച്1എന്‍1 പനിക്കുള്ള മരുന്ന് കാരുണ്യാ ഫാര്‍മസിയില്‍ ലഭ്യമാണ്. കാലാവസ്ഥാ മാറ്റവും ഇടക്കിടെയുള്ള മഴയും കാരണം പനി, വയറിളക്കം, കൊതുകുജന്യരോഗങ്ങള്‍, എലിപ്പനി, ചെള്ളുപനി എന്നിവയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. പനി, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, തുടര്‍ച്ചയായ ശരീരവേദന എന്നിവ അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ ഉപദേശം തേടിയശേഷം ഏഴുമുതല്‍ 10 ദിവസം വരെ വീട്ടില്‍ തന്നെ കഴിയണം.
എച്ച്1എന്‍1 ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
സ്വൈന്‍ ഇന്‍ഫ്ളുവന്‍സ അല്ലെങ്കില്‍ പന്നിപ്പനി അല്ലെങ്കില്‍ എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ്ളുവന്‍സ എന്ന അസുഖം 2009 മുതല്‍ അന്താരാഷ്ട്രതലത്തില്‍ പകര്‍ച്ചവ്യാധിയായി റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതാണ്. വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളില്‍ക്കൂടിയാണ് പകരുന്നത്.ആര്‍എന്‍എ വൈറസുകളുടെ ഗണത്തില്‍പ്പെടുന്ന ഒരു ഇന്‍ഫ്ളുവന്‍സ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തില്‍ പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു. പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളില്‍ക്കൂടിയാണ് ഇതു പകരുന്നത്. അസുഖബാധിതനായ ആളില്‍നിന്നും രണ്ടുമുതല്‍ ഏഴുദിവസം വരെ ഇതു പകര്‍ന്നേക്കാം. തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും ശ്വാസകോശത്തില്‍നിന്നുള്ള സ്രവങ്ങള്‍ വായുവിലൂടെ മറ്റുള്ളവരിലേക്കു പകരുന്നു.
ആദ്യത്തെ 18-72 മണിക്കൂറുകളില്‍ പനി, തൊണ്ടവേദന, ജലദോഷം, ശരീരവേദന, തലവേദന, ക്ഷീണം, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. അതോടൊപ്പം ചുമയും ചെറിയ രീതിയിലുള്ള കഫവും ശ്വാസംമുട്ടലും അനുഭവപ്പെടാം. വയറിളക്കവും ഛര്‍ദ്ദിയും പോലെയുള്ള ലക്ഷണങ്ങളും കണ്ടേക്കാം. ശ്വാസകോശസ്രവത്തില്‍നിന്ന് വൈറസിന്റെ ജനിതകഘടന വേര്‍തിരിച്ചെടുത്താണ് രോഗബാധയുണ്ടെന്നു സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ട് അഞ്ചുദിവസത്തിനകം ഇതു ചെയ്യാം.
രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയുന്നതിലും വൈറസിനെതിേരയും മരുന്നുകള്‍ നല്‍കും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിനു വിഷമം നേരിടുന്നവര്‍ക്ക് (ശ്വാസംമുട്ടല്‍, രക്തത്തില്‍ ഓക്സിജന്റെ അളവു കുറയുക, ശ്വാസഗതി ക്രമാതീതമായി കൂടുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക്) ശ്വസനസഹായി(വെന്റിലേറ്റര്‍)യുടെ ആവശ്യം വേണ്ടിവന്നേക്കാം. ബാക്ടീരിയ തടയുന്നതിന് ആന്റിബയോട്ടിക്കുകളും ചിലപ്പോള്‍ ആവശ്യമായി വന്നേക്കാം.
രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കാം. രോഗബാധിതരായവരെ മറ്റുള്ളവരില്‍നിന്നു മാറ്റിനിര്‍ത്തുകയും ശ്വാസകോശസ്രവങ്ങള്‍ മറ്റുള്ളവരിലേക്കു പകരാതിരിക്കാനായി പ്രത്യേക തരം മാസ്‌ക് ഉപയോഗിക്കുകയും വേണം.ഇന്‍ഫ്ളുവന്‍സ വാക്സിനേഷന്‍ ഈ രോഗത്തിന്റെ പ്രതിരോധമാര്‍ഗമാണ്.