ജില്ലയിൽ 84 സെക്ടറൽ മജിസ്‌ട്രേറ്റുമാർ: കൊവിഡ് പരിശോധന ജില്ലയിൽ സജീവമാക്കുന്നു
സ്വന്തം ലേഖകൻ
കോട്ടയം: കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ പരിശോധനകൾക്ക് നേതൃത്വം നൽകുന്നത് 84 സെക്ടർ മജിസ്ട്രേറ്റുമാർ. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടറാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ താലൂക്ക് അടിസ്ഥാനത്തിൽ സെക്ടർ മജിസ്ട്രേറ്റുമാരായി നിയോഗിച്ചത്.
കോട്ടയം – 19 , ചങ്ങനാശേരി- 14, മീനച്ചിൽ- 25, വൈക്കം-16, കാഞ്ഞിരപ്പള്ളി- 10 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലെ സെക്ടർ മജിസ്ട്രേറ്റുമാരുടെ എണ്ണം. ഇവർക്കൊപ്പം ഓരോ പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. ചുമതല നൽകിയിട്ടുള്ള തദ്ദേശ സ്ഥാപന പരിധിയിലാണ് പരിശോധന നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം, പൊതുപരിപാടികളിലെയും ചടങ്ങുകളിലെയും പൊതുവാഹനങ്ങളിലെയും കോവിഡ് പ്രോട്ടോക്കോൾ പാലനം, സ്ഥാപനങ്ങളുടെ പ്രവർത്തന സമയം തുടങ്ങിയവ ഇവർ പരിശോധിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലും ഈ ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടാകും. വീഴ്ച്ച വരുത്തുന്നവർക്കെതിരെ ഫൈൻ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
ഓരോ ദിവസത്തെയും പരിശോധനയുടെ വിവരങ്ങൾ പോർട്ടലിൽ അപ് ഡേറ്റ് ചെയ്യുന്നുണ്ട്. നടത്തിയ പരിശോധനകളിൽ വൈകുന്നേരം നാലു വരെ ജില്ലയിൽ 334 ലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 275 പേരും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കാത്തവരാണ്.
അനാവശ്യമായി കൂട്ടം ചേർന്നതിന്-2, പൊതുവാഹനങ്ങളിൽ പ്രോട്ടോക്കോൾ പാലിക്കാതിരുന്നതിന്-3, സമയക്രമം പാലിക്കാതെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചതിന്-13, സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതിന് -17, സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് മാസ്‌കും സാനിറ്റൈസറും ഇല്ലാതിരുന്നതിന്-21, റോഡിൽ തുപ്പിയതിന്- 1, ക്വാറന്റൈൻ ചട്ടങ്ങൾ പാലിക്കാതിരുന്നതിന്-2 എന്നിങ്ങനെയാണ് മറ്റു ലംഘനങ്ങൾക്ക് ഇന്നലെ നടപടി നേരിടേണ്ടിവന്നവരുടെ എണ്ണം.
സെക്ടർ ഇൻസ്പെക്ടർമാരുടെ പ്രവർത്തനം താലൂക്ക് തലത്തിൽ ഏകോപിപ്പിക്കുന്നത് തഹസിൽദാർമാരാണ്. സബ് കളക്ടർ രാജീവ് കുമാർ ചൗധരി, പാലാ ആർ.ഡി .ഒ ആന്റണി സ്‌കറിയ, ഡെപ്യൂട്ടി കളക്ടർമാരായ പി.എസ് സ്വർണ്ണമ്മ, ജെസി ജോൺ, ടി.കെ. വിനീത് എന്നിവർക്കാണ് വിവിധ താലൂക്കുകളിലെ പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതല.