എസ്.ബി.ഐ വ്യാജ വെബ്സൈറ്റ് വഴി വ്യാപക പണം തട്ടിപ്പ്; ഒടിപി നമ്പര്‍ കൈമാറാതെ തന്നെ പലര്‍ക്കും പണം നഷ്ടമായി; കൈമലര്‍ത്തി ബാങ്ക് അധികൃതരും

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: എസ്.ബി.ഐയുടെ വ്യാജ വെബ്സൈറ്റ് വഴി വ്യാപക പണം തട്ടിപ്പ്.

ഒടിപി നമ്പര്‍ കൈമാറാതെയാണ് പലര്‍ക്കും പണം നഷ്ടമായത്. തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് 20,000 രൂപയാണ്. പണം തിരികെ ലഭിക്കുമോ എന്ന ചോദ്യത്തിന് മുന്നില്‍ ബാങ്കും കൈമലര്‍ത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാനമായ നൂറോളം പരാതികളാണ് സംസ്ഥാന വ്യാപകമായി സൈബര്‍ പൊലീസിന് ലഭികുന്നതെന്നാണ് റിപ്പോര്‍ട്ട്.
അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകാതിരിക്കാന്‍ പാന്‍കാര്‍ഡ് വിവരങ്ങള്‍ കൈമാറണമെന്ന സന്ദേശത്തോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്.

നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തന രഹിതമായെന്നും എത്രയും വേഗം കെവൈസി വിവരങ്ങള്‍ നല്‍കണമെന്ന മെസേജാണ് അക്കൗണ്ട് ഉടമകളെ തേടി ആദ്യം എത്തുന്നത്. ഈ മെസേജിനൊപ്പം നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പോകുന്നത് എസ്.ബി.ഐയുടേതിന് സമാനമായ വെബ്സൈറ്റിലേക്കാണ്.

സാധാരണഗതിയില്‍ ആര്‍ക്കും സംശയം തോന്നില്ല. ചോദിക്കുന്ന വിവരങ്ങള്‍ കൊടുത്താല്‍ ഒടിപി പോലും നല്‍കാതെ അക്കൗണ്ടില്‍ നിന്ന് പണം പോകും. തിരുവനന്തപുരം സ്വദേശിനിയായ ഗീതയ്ക്ക് ഇങ്ങനെ നഷ്ടമായത് 20,000 രൂപയാണ്.

പണം നഷ്ടമായതോടെ എസ്.ബി.ഐയുടെ തിരുവനന്തപുരം ആല്‍ത്തറ ശാഖയിലെത്തി ഗീത പരാതിപ്പെട്ടു. പണം തിരിച്ചുകിട്ടുമോയെന്ന് ചോദിച്ചപ്പോള്‍ ബാങ്ക് അധികൃതര്‍ കൈമലര്‍ത്തി. ഒ.ടി.പി നല്‍കാതെ പണം പോയാല്‍ ബാങ്കിന് ഉത്തരവാദിത്വമുണ്ട് എന്ന് റിസര്‍വ് ബാങ്കിന്‍റെ സര്‍ക്കുലര്‍ ഉള്ളപ്പോഴാണിത്.

പണം നഷ്ടമായ ശേഷമുള്ള കേസിലും അന്വേഷണത്തിലൊന്നും കാര്യമില്ലെന്നാണ് ഇതുവരെയുള്ള അനുഭവം. അതുകൊണ്ട് പ്രാഥമികമായി ഒരു മുന്‍കരുതലെടുക്കേണ്ടത് അനിവാര്യമാണ്. ബാങ്കിന്‍റെ പേരിലല്ലാതെ ഏതെങ്കിലും നമ്ബരുകളില്‍ നിന്ന് വരുന്ന ഇത്തരം സന്ദേശങ്ങളെ പൂർണമായും അവഗണിക്കുകയാണ് വേണ്ടത്.