ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കാൻ കേന്ദ്ര സർക്കാർ: സുപ്രീം കോടതി വിധി മറയാക്കി കേന്ദ്രം ലക്ഷ്യമിടുന്നത് സംസ്ഥാനത്തിന്റെ പ്രധാന വരുമാനം: കേരളം മറ്റൊരു ത്രിപുരയാക്കാൻ ബിജെപി കളി തുടങ്ങി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേരളം പിടിക്കാൻ പതിനെട്ടടവും പയറ്റിയിട്ടും നടക്കാത്ത സാഹചര്യത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വൻ അഴിച്ചു പണിയ്ക്കും ത്രിപുര മോഡൽ തന്ത്രത്തിനുമൊരുങ്ങി ബിജെപി. ത്രിപുരയിൽ നടപ്പാക്കിയ രാഷ്ട്രീയ തന്ത്രമത്തിന്റെ മതമോഡൽ ശബരിമല കേന്ദ്രീകരിച്ചു നടപ്പാക്കാനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റി സംസ്ഥാനത്തെ ദേവസ്വം ബോർഡിന്റെ പ്രധാന വരുമാനം ഇല്ലാതാക്കുകയാണ് ഇപ്പോൾ ബിജെപി ലക്ഷ്യമിടുന്നത്.
ശബരിമല ക്ഷേത്രത്തിന മാത്രമായി പ്രത്യേകം നിയമം വേണമെന്നാണ് സംസ്ഥാന സർക്കാറിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ സർക്കാർ നാലാഴ്ച്ചക്കകം നിലപാട് വ്യക്തമാക്കണമെന്നും സംസ്ഥാന സർക്കാറിനോട് സുപ്രിംകോടതി ആവശ്യപ്പെടുകയുണ്ടായി. ഇതോടെ സമീപകാല കോടതി വിധികളുടെ പശ്ചാത്തലത്തിൽ പിണറായി സർക്കാറിനും ആശങ്കപ്പെടാൻ കാര്യങ്ങൾ ഏറെയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ ശബരിമലയിൽ ഭരണ നിർവ്വഹണം നടത്തുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. ഗുരുവായൂർ മോഡലിലോ തിരുപ്പതി മോഡലിലോ ഉള്ള ഭരണ സംവിധാനം അല്ല ഇത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഭരണ നിർവ്വഹണം നടത്തുന്നവർ തന്നെയാണ് ശബരിമല ഭരണ നിർവ്വഹണം നടത്തുന്നതും. എന്നാൽ ശബരിമലയ്ക്ക് മാത്രമായി പ്രത്യേകം നിയമ നിർവ്വഹണം നടപ്പിലാക്കുന്ന ക്ഷേത്ര ഭരണത്തിൽ കേന്ദ്രപ്രതിനിധിക്കും അവസരം ലഭിക്കുമോ എന്നത് അടക്കമുള്ള ചോദ്യമാണ് സർക്കാറിനെ അലട്ടുന്നത്.
ശബരിമലയിൽ കേന്ദ്ര ഇടപെടൽ വേണമെന്ന് ആവശ്യം ഉന്നയിക്കുന്ന ബിജെപി നേതാക്കളും മറ്റ് തൽപ്പര കക്ഷികളുമുണ്ട്. ശബരിമല വികസനത്തിനും മറ്റുമായി കേന്ദ്ര വനമന്ത്രാലയത്തിന്റെ അടക്കം ഭൂമി ആവശ്യമുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര പ്രതിനിധിയെയും പുതിയ ഭരണ സംവിധാനത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇപ്പോഴത്തെ നിലയിൽ ഭരണ സംവിധാനം മാറുമ്‌ബോൾ കേരളത്തിനും തന്ത്രിക്കും പന്തളം കൊട്ടാരത്തിനും പ്രാതിനിധ്യം ഉണ്ടായേക്കും. ഇക്കൂട്ടത്തിൽ കേന്ദ്ര പ്രതിനിധിയും ഇടംപിടിക്കുന്ന വിധത്തിൽ കോടതി പരാമർശം ഉണ്ടാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇതോടെ ഇപ്പോൾ ദേവസ്വം ബോർഡ് വഴി സംസ്ഥാന സർക്കാറിന് ശബരിമല ക്ഷേത്രത്തിൽ സ്വതന്ത്രമായ ഇടപെടാവുന്ന സാഹചര്യം മാറുമോ എന്ന ആശങ്കയും നില നിൽക്കുന്നുണ്ട്. യുവതികളെ പ്രവേശിപ്പിച്ചത് അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ ഇടപെടൽ നടത്തിയത് ദേവസ്വം ബോർഡ് വഴിയാണ്. ബിന്ദുവും കനകദുർഗ്ഗയും ശബരിമല ചവിട്ടിയതും സർക്കാറിന്റെ കൂടി അറിവോടെയാണ്. ദേവസ്വം ബോർഡ് പ്രസിഡന്റായി ഇഷ്ടക്കാരനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നതും പൂർണ അധികാരം സംസ്ഥാന സർക്കാറിൽ നിക്ഷിപ്തമായതു കൊണ്ടാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാക്ഷേത്രങ്ങളുടെയും ഭരണ നിർവഹണത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് പന്തളം രാജകുടുംബം കോടതിയെ സമീപിച്ചത്. തിരുവിതാംകൂർ- കൊച്ചി ഹിന്ദു ആരാധനാലയ നിയമം 2019 ന്റെ കരട് കോടതിയിൽ സർക്കാർ ഹാജരാക്കിയിരുന്നു. അതിൽ ഭരണ സമിതി അംഗങ്ങളായി സ്ത്രീകളെയും ഉൾപ്പെടുത്തുമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ കേസ് ഇന്ന് രണ്ടുതവണ പരിഗണനയ്ക്ക് എടുത്തപ്പോഴും ഏഴംഗ ബെഞ്ച് വിധി എതിരായാൽ പിന്നെ എങ്ങനെ അവിടെ വനിതാ അംഗങ്ങൾക്ക് പ്രവേശിക്കാനാകുമെന്ന് ജസ്റ്റിസ് എൻ.വി. രമണ സർക്കാർ അഭിഭാഷകനോട് ചോദിച്ചു.
വിഷയത്തിൽ സർക്കാരിന്റെ സീനിയർ അഭിഭാഷൻ ജയ്ദീപ് ഗുപ്തയെ വിളിച്ചുവരുത്തിയാണ് കോടതി രണ്ടാമത് കേസ് പരിഗണിച്ചത്. 50 വയസ് പൂർത്തിയായ വനിതകളെ മാത്രമെ ഭരണസമിതി അംഗങ്ങളാക്കാവൂ എന്ന് സർക്കാരിന് ശുപാർശ നൽകാമെന്ന് ജയ്ദിപ് ഗുപ്ത കോടതിയെ അറിയിച്ചു. ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഓഗസ്റ്റ് 27ന് കേസ് പരിഗണിച്ച സമയത്ത് ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പക്ഷെ മൂന്ന് മാസം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് പ്രത്യേക ബോർഡ് രൂപീകരിക്കുന്നതിൽ സർക്കാറിന് താൽപ്പര്യമില്ലെന്ന സൂചന നൽകുന്ന കാര്യമാണ്. നാലാഴ്ചക്കകം ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരണമെന്നും കോടതി സർക്കാർ അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. കേസ് ഇനി ജനുവരി മൂന്നാം വാരം പരിഗണിക്കും. നിയമ നിർമ്മാണത്തിന് കൂടുതൽ സമയം വേണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. നിലവിൽ തീർത്ഥാടന കാലമാണ്. അത് കഴിഞ്ഞതിന് ശേഷം നിയമ നിർമ്മാണത്തിലേക്ക് കടക്കാമെന്നും സർക്കാർ അറിയിച്ചു. പക്ഷെ ഈ വാദം കോടതി അംഗീകരിച്ചില്ല. കേസ് ഇന്ന് പരിഗണിച്ച സമയത്ത് മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ ബന്ധപ്പെടുത്തരുതെന്ന് കോടതി പരാമർശിച്ചിരുന്നു.
സംസ്ഥാന സർക്കാർ കോടതിക്ക് കൈമാറിയ നിയമത്തിന്റെ കരടിൽ വനിതകൾക്ക് ദേവസ്വം ബോർഡിന്റെ ഭരണ സമിതിയിൽ മൂന്നിലൊന്ന് സംവരണം ചെയ്തിട്ടുണ്ട്. ഇതെല്ലാം സംസ്ഥാന താൽപ്പര്യങ്ങൾക്ക് അനുസൃതമായി മുന്നോട്ടു നീങ്ങുന്നതാണ്. ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്നും ശബരിമലയുടെ ഭരണനിർവഹണത്തിനായി പ്രത്യേക നിയമം വേണമെന്നുമുള്ള നിലപാട് ജസ്റ്റിസ് രമണ നിലപാട് അറിയിച്ചിരിക്കുന്നത്.
നേരത്തെ കഴിഞ്ഞ തീർത്ഥാടന സീസണിൽ ബിജെപി എംപിമാർ അടങ്ങുന്ന നാലംഗ സംഘം ശബരിമല സന്ദർശിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് കേന്ദ്രസർക്കാറിന് കൈമാറുകയും ചെയ്തു. ഇതോടെ ശബരിമലയിൽ ചില കാര്യങ്ങൾ കേന്ദ്രം താൽപ്പര്യത്തോടെ ഇടപെട്ടിരുന്നു. തിരുപ്പതി മോഡൽ ട്രസ്റ്റ് രൂപീകരിക്കും. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കീഴിലുള്ള ട്രസ്റ്റ് രൂപീകരിക്കുക തുടങ്ങിയ നിർദേശങ്ങൾ അന്ന് വന്നിരുന്നു. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന ആവശ്യവും ഇതിനിടെ ശക്തമായി ഉയരുന്നുണ്ട്. ഇതിനിടെയാണ് ശബരിമലയ്ക്കായി പ്രത്യേക ഭരണ സംവിധാനം കൊണ്ടുവരാൻ സുപ്രിംകോടതി നിർദേശിക്കുന്നതും.