play-sharp-fill
സാവിത്രിയും നാരായണനുമെത്തി ഭാരതത്തിന്റെ നിർമലയെ അനുഗ്രഹിക്കാൻ

സാവിത്രിയും നാരായണനുമെത്തി ഭാരതത്തിന്റെ നിർമലയെ അനുഗ്രഹിക്കാൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മക്കൾ ജന്മനാടിന് അഭിമാനമായി മാറുമ്പോഴാണ് ഏതൊരു രക്ഷകർത്താവും മനംനിറഞ്ഞ് സന്തോഷിക്കുക. അത്തരത്തിൽ ഒരു ആഹ്‌ളാദ നിമിഷത്തിലാണ് തമിഴ്നാട് സ്വദേശികളായ സാവിത്രിയും നാരായണനും.ഒരുപാട് ദൂരങ്ങൾ കടന്നാണ് ഇരുവരും ഭാരതത്തിന്റെ സ്വന്തം നിർമലയെ കാണാനും അനുഗ്രഹിക്കാനുമെത്തിയത്. ഇനി ആരാണ് ഈ സാവിത്രിയും നാരായണനുമെന്നല്ലേ? കേന്ദ്രധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന്റെ അമ്മയും അച്ഛനുമാണ് ഇരുവരും. നിർമ്മലയുടെ ബഡ്ജറ്റ് അവതരണം കാണാൻ രാവിലെ തന്നെ അമ്മ സാവിത്രിയും അച്ഛൻ നാരായണനും പാർലമെന്റിൽ എത്തിച്ചേർന്നു. വെറുമൊരു ബഡ്ജറ്റ് അവതരണമല്ല ഇത്തവണത്തേത്. ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായാണ് ഒരു വനിത, ഇന്ത്യയുടെ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ചരിത്ര നിമിഷം തങ്ങളുടെ മകളിലൂടെയാണ് കടന്നു പോകുന്നത് എന്നത് നാരായണനും സാവിത്രിയ്ക്കും പകരുന്ന ആനന്ദം ഏറെയാണ്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയായ നാരായണൻ ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു. തഞ്ചാവൂർ സ്വദേശിനിയാണ് നിർമ്മലയുടെ അമ്മ സാവിത്രി.1970ൽ പ്രധാനമന്ത്രിയായിരുന്ന അവസരത്തിലാണ് ഇന്ദിരാഗാന്ധി കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. ധനകാര്യത്തിന്റെ ചുമതല കൂടി അന്ന് ഇന്ദിരാഗാന്ധി ഏറ്റെടുത്തിരുന്നു. എന്നാൽ മുഴുവൻ സമയ വനിതാ ധനകാര്യമന്ത്രി എന്ന ചുമതല ആദ്യമായി ലഭിച്ചു എന്ന റെക്കോഡ് നിർമ്മലാ സീതാരാമനാണ്. മാത്രമല്ല ഇന്ന് മറ്റൊരു ചരിത്രം കൂടി നിർമ്മല രചിച്ചു. മുൻഗാമികളായ ധനമന്ത്രിമാർ തുടർന്നുവന്നിരുന്ന ലെതർ ബ്രീഫ്‌കേസ് എന്ന ബ്രിട്ടീഷ് സംസ്‌കാരത്തിനാണ് നിർമ്മല അവസാനം കുറിച്ചത്.സാധാരാണയായി ധനമന്ത്രിമാർ തുകൽ കൊണ്ട് നിർമ്മിച്ച ബ്രീഫ്കേസിലാണ് ബഡ്ജറ്റ് രേഖകൾ കൊണ്ടുവന്നുകൊണ്ടിരുന്നത്. ധനമന്ത്രാലയത്തിൽ നിന്നും ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാനായി അദ്ദേഹത്തിന്റ ഔദ്യോഗിക വസതിയിലേക്ക് എത്തിയ നിർമ്മല, ചുവന്ന പട്ടിൽ പൊതിഞ്ഞാണ് ബഡ്ജറ്റ് രേഖകൾ കൊണ്ടുവന്നത്. ഇതോടുകൂടി പതിനെട്ടാം നൂറ്റാണ്ടു മുതൽ തുടർന്നു വന്നിരുന്ന ‘ആചാരത്തെയാണ് ‘ ധനമന്ത്രി അവസാനിപ്പിച്ചത്.