രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രം; ഐഎന്‍ടിയുസി നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു; വിവാദമായതോടെ സവര്‍ക്കറുടെ മുകളില്‍ ‘മഹാത്മാഗാന്ധിയെ ഒട്ടിച്ചു വച്ചു’
സ്വന്തം ലേഖകന്‍
കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രം ഉപയോഗിച്ച സംഭവത്തില്‍ ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ജില്ലാ നേതൃത്വം പ്രാദേശിക നേതാക്കളോടു വിശദീകരണം തേടി.
സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു സവര്‍ക്കറുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.ഫ്‌ലെക്‌സ് സ്ഥാപിച്ചത് ഒരു പ്രാദേശിക പ്രവര്‍ത്തകനായിരുന്നുവെന്നാണ് വിശദീകരണം. ഇതിനായി ഒരു കടക്കാരനെ സമീപിച്ച് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം പതിക്കാന്‍ നിര്‍ദേശിച്ചുവെന്നും അയാളുടെ ഭാഗത്തെ പിഴവാണ് അതെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചു. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടയുടനെ അതു നീക്കാന്‍ നിര്‍ദേശം നല്‍കിയതായും നേതാക്കള്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രവും ഇടംപിടിച്ചത്. രബിന്ദ്രനാഥ് ടഗോര്‍, അബ്ദുല്‍ കലാം ആസാദ്, ജി.ബി. പന്ത് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും ഇടംപിടിച്ചത്. പക്ഷേ, യാത്ര അത്താണിയില്‍ എത്തുന്നതിനു മുന്‍പുതന്നെ ഇതു മറച്ചു. സംഭവം വിവാദമായതോടെ ഈ ചിത്രത്തിനു മുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം വച്ച് മറയ്ക്കുകയായിരുന്നു.
സവര്‍ക്കറുടെ ചിത്രത്തിന്റെ പേരില്‍ സിപിഎം കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയാണെന്ന് മുതിര്‍ന്ന നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേശ് പറഞ്ഞു. രാജീവ് ഗാന്ധിക്കെതിരെ വി.പി. സിങ്ങിനൊപ്പം ബിജെപിയെ കൂട്ടുപിടിച്ചവരാണ് സിപിഎം. വിവാദങ്ങള്‍ യാത്രയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.