‘സവര്‍ക്കറിന്റെ കാര്യം സ്പീക്കര്‍ തീരുമാനിക്കും’; നിലപാട് അറിയിച്ചിട്ടുണ്ടെന്നു സിദ്ധരാമയ്യ.  

Spread the love

 

സ്വന്തം ലേഖിക 

കര്‍ണാടക:നിയമസഭാ ഹാളില്‍നിന്ന് ഹിന്ദുത്വവാദി വി ഡി സവര്‍ക്കറിന്റെ ചിത്രം നീക്കുന്ന കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് സ്പീക്കര്‍ യു ടി ഖാദറിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.

 

സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെയും ദേശീയ നേതാക്കളുടെയും ചിത്രങ്ങള്‍ വേണമെന്നതാണ് പാര്‍ട്ടി നിലപാട് എന്നും കര്‍ണാടക മുഖ്യമന്ത്രി വിശദീകരിച്ചു.കര്‍ണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലെ സുവര്‍ണ വിധാൻ സൗധ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളന കാലത്തായിരുന്നു ബെലഗാവിയിലെ സുവര്‍ണ വിധാൻ സൗധയുടെ ചുവരില്‍ സവര്‍ക്കറിന്റെ പൂര്‍ണകായ ചിത്രം തൂക്കിയത്. സ്വാമി വിവേകാനന്ദ, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ബി ആര്‍ അംബേദ്കര്‍, മഹാത്മാ ഗാന്ധി, ബസവേശ്വര, സുഭാഷ് ചന്ദ്ര ബോസ് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം നിയമസഭ അംഗങ്ങള്‍ക്ക് അഭിമുഖമായാണ് വി ഡി സവര്‍ക്കറിന്റെ ചിത്രവും ഇടം പിടിച്ചത്.

 

ഇതിനെതിരെ അന്നത്തെ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് നിയമസഭക്ക് അകത്തുംപുറത്തും പ്രതിഷേധിച്ചിരുന്നു. സവര്‍ക്കര്‍ക്ക് പകരം പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയോ സാമൂഹ്യ പരിഷ്കര്‍ത്താവ് ശ്രീ നാരായണ ഗുരുവിന്റെയോ ചിത്രംവെക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം.

 

നിയമസഭയുടെ ചുവരില്‍ പ്രതിഷ്ഠിക്കാൻ മാത്രം സവര്‍ക്കറിനു എന്ത് മഹത്വമാണുള്ളതെന്നു ബിജെപി വ്യക്തമാക്കണമെന്നായിരുന്നു ഡി കെ ശിവകുമാര്‍ ആവശ്യപ്പെട്ടത് . കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനു ബിജെപി സര്‍ക്കാര്‍ അന്ന് വില കല്പിച്ചില്ലെന്ന് മാത്രമല്ല സവര്‍ക്കര്‍ വിരോധം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു.

 

കര്‍ണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലെ നിയമസഭാ മന്ദിരത്തിലാണ് സവര്‍ക്കര്‍ ചിത്രമുള്ളത് . വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് ഇവിടെ സമ്മേളനം നടക്കുക . ഇത്തവണത്തെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചു . സമ്മേളനം തുടങ്ങും മുൻപ് ചിത്രം നീക്കം ചെയ്യുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു . എന്നാല്‍ ചിത്രം നീക്കം ചെയ്‌താല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന നിലപാടിലാണ് കര്‍ണാടക ബിജെപി. ഈ വിഷയത്തില്‍ സ്പീക്കറുടെ നിലപാട് ആണ് ഇനി ഏവരും ഉറ്റു നോക്കുന്നത്.