കാത്തിരിപ്പുകള്‍ക്ക് വിരാമം;  സൗദിയ എയര്‍ലൈന്‍സ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിച്ചു

Spread the love

കോഴിക്കോട്:  പ്രവാസികള്‍ക്ക് ആശ്വാസകരമായ നടപടിയുമായി ഗള്‍ഫ് രാജ്യത്തെ വിമാനക്കമ്പനി. കാത്തിരിപ്പുകള്‍ക്കൊടുവില്‍ സൗദിയ എയര്‍ലൈന്‍സ് ആണ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

video
play-sharp-fill

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗദിയ എയര്‍ലൈന്‍സ് വിമാനം കരിപ്പൂരിലേക്ക് പറന്നിറങ്ങിയത്. ആഴ്ചയില്‍ നാല് ദിവസമാണ് റിയാദില്‍ നിന്ന് കരിപ്പൂരിലേക്കും തിരിച്ചും സര്‍വീസ് ഓപ്പറേറ്റ് ചെയ്യുക.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ 1.20ന് പുറപ്പെട്ട എസ്.വി 712 വിമാനം രാവിലെ 8.15ന് കരിപ്പൂരിലെത്തി. ഒരേസമയം 165 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനമാണ് കരിപ്പൂരിലെത്തിയത്. 20 ബിസിനസ് ക്ലാസ് സീറ്റുകളും 145 എക്കോണമി ക്ലാസ് ടിക്കറ്റുകളുമാണ് വിമാനത്തിലുള്ളത്. ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കരിപ്പൂരില്‍നിന്നുള്ള സര്‍വീസുകളുടെ എണ്ണം വരും ദിവസങ്ങളില്‍ വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. നിലവിലെ റിയാദ് സര്‍വീസിന് പുറമെ ജിദ്ദ, ദമ്മാം സര്‍വിസുകള്‍ കൂടി ആരംഭിക്കാനാണ് പദ്ധതി. ഇത് മലബാര്‍ മേഖലയിലെ പ്രവാസികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും വലിയ ആശ്വാസമാകും. കരിപ്പൂരിലെത്തിയ വിമാനത്തിന് വലിയ സ്വീകരണമാണ് നല്‍കിയത്. കോല്‍ക്കളി, അറബന, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെയാണ് വിമാനത്തിലെ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്താവളത്തിലേക്ക് എതിരേറ്റത്.

 

റണ്‍വേ റീകാര്‍പറ്റിംഗിന്റെ ഭാഗമായി 2015 മേയില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ മുടങ്ങിയ സര്‍വീസുകള്‍ 2019ല്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍, 2020ല്‍ ഉണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം വന്നതോടെ സൗദിയ എയര്‍ലൈന്‍സ് കരിപ്പൂരില്‍നിന്നുള്ള സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തുകയായിരുന്നു.