സത്യന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ശരശയ്യയിലെ ഡോക്ടർ തോമസ് : രക്താർബ്ബുദം കാർന്നു തിന്നുന്ന ശരീരവുമായിട്ടാണ് സത്യൻ ഈ ഉജ്ജ്വല കഥാപാത്രത്തെ ശരശയ്യയിൽ അവതരിപ്പിക്കുന്നത്: സത്യൻ മരിച്ചതിന്റെ പതിനേഴാം ദിവസം ശരശയ്യ തിയേറ്ററുകളിലെത്തി: അതുകൊണ്ടുതന്നെ ഓരോ പ്രേക്ഷകനും വിങ്ങുന്ന മനസ്സുമായിട്ടാണ് ഈ ചിത്രം കണ്ടു തീർത്തത്: തീയേറ്റർ വിട്ടിറങ്ങുമ്പോൾ പലരുടെയും കണ്ണുകൾ നനഞ്ഞിരുന്നു

Spread the love

 

കോട്ടയം: കുഷ്ഠരോഗികളോടുള്ള സമൂഹത്തിന്റെ അറപ്പിന്റേയും വെറുപ്പിന്റേയും ചരിത്രത്തിന് ബൈബിളിന്റെ തന്നെ പഴക്കമുണ്ടെന്നു തോന്നുന്നു.
ഈ കടുത്ത യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു അറുപതുകളിൽ കേരള മന:സാക്ഷിയെ പിടിച്ചു കുലുക്കിയ തോപ്പിൽ ഭാസിയുടെ” അശ്വമേധം” എന്ന പ്രശസ്ത നാടകം.
” നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ”

എന്ന നാടകത്തിലൂടെ മലയാള നാടകവേദിയിലെ വിപ്ലവ നക്ഷത്രമായി മാറിയ തോപ്പിൽഭാസിയുടെ മറ്റൊരു പ്രോജ്ജ്വല രചനയായിരുന്നു
” അശ്വമേധം ” എന്ന നാടകം .

” രോഗം ഒരു കുറ്റമാണോ ” എന്ന സമൂഹമന:സാക്ഷിയെ നടുക്കുന്ന ഒരു ചോദ്യമാണ് ഈ നാടകത്തിലൂടെ ഭാസി ഉയർത്തിക്കാണിച്ചത്.
ഈ നാടകം പിന്നീട്
സുപ്രിയ ഫിലിംസ് ചലച്ചിത്രമാക്കുകയുണ്ടായി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അശ്വമേധത്തിന്റെ രണ്ടാം ഭാഗമെന്ന നിലയിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു “ശരശയ്യ ” .
മലയാളത്തിൽ ആദ്യമായി ഒരു ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുന്നതും ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങൾ തന്നെ രണ്ടാമത്തെ സിനിമയിൽ അണിനിരക്കുന്നതുമായ ചിത്രം ശരശയ്യയായിരുന്നു.

അശ്വമേധത്തിലൂടെ പ്രേക്ഷക മനസ്സിൽ കയറിപ്പറ്റിയ സത്യന്റെ ഡോക്ടർ തോമസും ഷീല അവതരിപ്പിച്ച സരോജവുമെല്ലാം വീണ്ടും ശരശയ്യയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രേക്ഷകർക്ക് അതൊരു പുതുമയായിരുന്നു.
തോപ്പിൽ ഭാസി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചത് അസീം കമ്പനിയാണ് .

സത്യൻ, മധു ,അടൂർ ഭാസി , ഷീല , ജയഭാരതി , കെപിഎസി ലളിത , കവിയൂർ പൊന്നമ്മ ,ആലുമ്മൂടൻ എന്നിവരായിരുന്നു സിനിമയിലെ പ്രധാന നടീനടന്മാർ .
സത്യന്റെ അഭിനയ
ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഡോക്ടർ തോമസ് .
രക്താർബ്ബുദം കാർന്നു തിന്നുന്ന ശരീരവുമായിട്ടാണ് സത്യൻ ഈ ഉജ്ജ്വല കഥാപാത്രത്തെ ശരശയ്യയിൽ അവതരിപ്പിക്കുന്നത്.

സത്യൻ മരിച്ചതിന്റെ പതിനേഴാം ദിവസം ശരശയ്യ തിയേറ്ററുകളിലെത്തി. അതുകൊണ്ടുതന്നെ ഓരോ പ്രേക്ഷകനും വിങ്ങുന്ന മനസ്സുമായിട്ടാണ് ഈ ചിത്രം കണ്ടു തീർത്തത്.
തീയേറ്റർ വിട്ടിറങ്ങുമ്പോൾ പലരുടെയും കണ്ണുകൾ സത്യനെ ഓർത്തുകൊണ്ട് നിറഞ്ഞിരുന്നു.

വയലാറും ദേവരാജനുമായിരുന്നു ചിത്രത്തിന്റെ ഗാനശില്പികൾ .
എം ജി രാധാകൃഷ്ണനും
മാധുരിയും പാടുന്ന

“ശാരികേ ശാരികേ
സിന്ധു ഗംഗാനദീ
തീരം വളർത്തിയ ഗന്ധർവ്വ ഗായികേ…”

എന്ന അവതരണ ഗാനത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്.

“മുഖം മനസ്സിന്റെ കണ്ണാടി … ”
( യേശുദാസ് )
“ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ …”
(യേശുദാസ് )
“നീലാംബരമേ താരാപഥമേ …”
( മാധുരി )
“മഹേന്ദ്ര നീലമണിമലയിൽ … ”
( മാധുരി )
“ചൂഡാരത്നം ശിരസ്സിൽ ചാർത്തി … ”
( മാധുരി )
എന്നിവയെല്ലാമായിരുന്നു ശരശയ്യയിലെ അനുപമമായ ഗാനങ്ങൾ .

ശൃംഗാരഗാനങ്ങൾ എഴുതുമ്പോൾ വാത്സ്യായനമഹർഷിയാകുന്ന വയലാറിന്റെ കാമസുഗന്ധിയായ ഈ ചിത്രത്തിലെ ഒരു ഗാനം സംഗീത പ്രേമികളെ ഇന്നും രോമാഞ്ചം കൊള്ളിക്കാറുണ്ട്.

ആ വരികളുടെ ലാസ്യലാവണ്യ ഭംഗി ഒന്ന് അനുഭവിച്ചറിയുക തന്നെ വേണം .

” ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ
മെയ്യില്‍ പാതി പകുത്തുതരൂ
മനസ്സില്‍ പാതി പകുത്തുതരൂ
മാന്‍കിടാവേ
(ഞാന്‍ നിന്നെ..)

നീവളര്‍ന്നതും നിന്നില്‍ യൗവ്വനശ്രീ
വിടര്‍ന്നതും നോക്കിനിന്നൂ
കാലം പോലും കാണാതെ നിന്നില്‍
കാമമുണര്‍ന്നതും കണ്ടുനിന്നൂ
ഞാന്‍ കാത്തു നിന്നൂ
മിഴികള്‍തുറക്കൂ താമരമിഴികള്‍ തുറക്കൂ
കുവലയമിഴി നിന്റെ മാറില്‍ ചൂടുണ്ടോ
ചൂടിനു ലഹരിയുണ്ടോ
(ഞാന്‍ നിന്നെ..)

നീചിരിച്ചതും ചിരിയില്‍ നെഞ്ചിലെ
പൂവിടര്‍ന്നതും നോക്കിനിന്നൂ
ദൈവം പോലും കാണാതെ
നിത്യദാഹവുമായ് ഞാന്‍ തേടിവന്നൂ
നിന്നെത്തേടിവന്നൂ
കതകുതുറക്കൂ പച്ചിലക്കതകുതുറക്കൂ
കളമൃദുമൊഴി നിന്റെ
കുമ്പിളില്‍ തേനുണ്ടോ
തേനിനു ലഹരിയുണ്ടോ
(ഞാന്‍ നിന്നെ..)

ഒരു ചലച്ചിതഗാനം ആസ്വാദകനെ വികാരം കൊള്ളിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായി വേണമെങ്കിൽ ഈ ഗാനത്തെ അടയാളപ്പെടുത്താവുന്നതാണ്.

1971 ജൂലൈ ആദ്യവാരം തിയേറ്ററുകളിലെത്തിയ ശരശയ്യ എന്ന ചിത്രം 52 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്.
ഒരുപക്ഷേ മനുഷ്യരാശി ഏറ്റവും വെറുത്ത കുഷ്ഠരോഗം എന്ന മഹാവ്യാധിയെ ആസ്പദമാക്കി മലയാളത്തിൽ ഉണ്ടായിട്ടുള്ള ആദ്യത്തേയും അവസാനത്തേയും ചിത്രങ്ങളാണ് അശ്വമേധവും ശരശയ്യയുമെന്ന് തോന്നുന്നു .